
തിരുവനന്തപുരം/ മട്ടാഞ്ചേരി: വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി നാളെമുതല്‍ വിതരണം ചെയ്യാന്‍ സഹകരണവകുപ്പ് പശ്ചിമബംഗാളില്‍നിന്ന് എത്തിച്ചത് ആര്‍ക്കും വേണ്ടാത്ത 'ഇരുമ്പരി'. കണ്‍സ്യൂമര്‍ ഫെഡറേഷന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം സംഭരിച്ച സുവര്‍ണ അരിയാണു നാളെ മുതല്‍ വിതരണം ചെയ്യുന്നതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. എന്നാല്‍, നിലവാരമില്ലാത്തതും വിലകുറഞ്ഞതുമായ 'ഇരുമ്പരി'യാണിതെന്നാണ് ആരോപണം. വേവ് കൂടുതലായതിനാല്‍ വീട്ടമ്മമാരിട്ട പേരാണ് ഇരുമ്പരി.
ബംഗാളില്‍നിന്ന് 800 മെട്രിക് ടണ്‍ അരിയാണു കൊച്ചിയിലെത്തിയത്. ബംഗാള്‍ അരിക്കു ഗുണനിലവാരം കുറവായതിനാല്‍ കേരളത്തിലെ ഉപയോക്താക്കള്‍ക്കു താല്പര്യം കുറവാണ്. അതുകൊണ്ടുതന്നെ ഈ ഇറക്കുമതിയിലൂടെ അരിവില കുറയാനിടയില്ല. അരിക്കായി കേരളം ഏറെ ആശ്രയിക്കുന്ന ആന്ധ്രാപ്രദേശ് മാര്‍ച്ച്-ഏപ്രിലില്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് ഇറക്കുമതി പെര്‍മിറ്റ് നല്‍കാറില്ല. ആന്ധ്രയില്‍നിന്നുള്ള ജയ, സുരേഖ അരി നേരത്തേ സ്റ്റോക്ക് ചെയ്തതു പ്രാദേശികവിപണിയില്‍ 40 രൂപയ്ക്കാണു വില്‍ക്കുന്നത്.തെരഞ്ഞെടുക്കപ്പെട്ട 500 കണ്‍സ്യൂമര്‍, ത്രിവേണി സ്റ്റോറുകളിലൂടെ നാളെമുതല്‍ ബംഗാള്‍ അരി വിതരണം ചെയ്യും. സഹകരണ അരിക്കട എന്ന പേരിലാണ് ഇവയുടെ പ്രവര്‍ത്തനം. ബംഗാളില്‍നിന്ന് 1700 മെട്രിക് ടണ്‍ ഇരുമ്പരികൂടി വെള്ളിയാഴ്ചയ്ക്കകം എത്തും.
സംസ്ഥാനസര്‍ക്കാര്‍ പ്രാഥമികസംഘങ്ങളെ ഉള്‍പ്പെടുത്തിയാണു 100 കോടി രൂപയുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചത്. ഓരോ സംഘത്തിലും നാളെ മുതല്‍ വിതരണത്തിനായി 1.5 മെട്രിക് ടണ്ണും വെള്ളിയാഴ്ചയ്ക്കകം 3.5 മെട്രിക് ടണ്ണും അരിയെത്തിക്കും. കിലോയ്ക്ക് 26.30 രൂപ വിലവരുന്ന അരി 25 രൂപയ്ക്കാണു പ്രാഥമികസംഘങ്ങള്‍ വിതരണം ചെയ്യുന്നത്.
ഒരു കുടുംബത്തിനു തുടക്കത്തില്‍ അഞ്ചു കിലോഗ്രാം അരിയും തുടര്‍ന്നുള്ള ആഴ്ചകളില്‍ 10 കിലോയും നല്‍കും. റേഷന്‍ കാര്‍ഡ് നിര്‍ബന്ധം. സംഘങ്ങളുടെ എണ്ണം: തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, കൊല്ലം- 40 വീതം, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, കാസര്‍ഗോഡ്-30 വീതം, വയനാട്- 20. കേരളത്തിലെ മില്‍ ഉടമകള്‍ അനുവര്‍ത്തിക്കുന്ന മോശം പ്രവണതകളാണ് അരിവില കൂടാന്‍ കാരണമെന്നു മന്ത്രി കുറ്റപ്പെടുത്തി. ജനത്തെ കൊള്ളയടിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.
ആന്ധ്രയിലെ അരിവിതരണക്കാര്‍ക്ക് 220 കോടി രൂപ നല്കാനുണ്ടായിരുന്നതില് 214 പേര്‍ക്കായി 58 കോടി രൂപ വിതരണം ചെയ്തു. ബാക്കി 157 കോടി രൂപ 209 പേര്‍ക്ക് ഉടന്‍ നല്‍കും. തിരുവനന്തപുരത്തെ കരകുളം സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഏണിക്കരയില്‍ നാളെ െവെകിട്ട് ഏഴിനു സഹകരണ അരിക്കട പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.






