'സ്ത്രീകള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി കഴിയണം' എന്ന മത നേതാവിന്റെ വാക്കുകള്‍ ഏറെ നടുക്കത്തോടെയാണ് കേള്‍ക്കേണ്ടി വന്നത്. ഏതു നൂറ്റാണ്ടിലാണ് നമ്മള് ജീവിക്കുന്നതെന്ന് പോലും ചിന്തിക്കാതെയാണ് കേരളത്തിലെ സ്ത്രീകളുടെ പൊതുജീവിതത്തെക്കുറിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്. ഒരു മതനേതാവിന്റെ വ്യക്തിപരമായ അഭിപ്രായം എന്ന നിലയില്‍ മാത്രം ഈ പ്രസ്താവനയെ കാണാനാകില്ല. സ്ത്രീകള്‍ വീടിനുള്ളില്‍ കഴിയണമെന്നും പൊതുവേദികളിലേക്ക് കടന്നുവരുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും പറയുന്നത് ഇന്ത്യയും കേരളവും പതിറ്റാണ്ടുകളായി നടത്തിയ സാമൂഹിക മുന്നേറ്റങ്ങളെയും സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്ന നിലപാടാണ്.
സ്ത്രീകളെ പൊതുജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള നിര്‍ദേശങ്ങള്‍ കേരളത്തില്‍ ഉയരുന്നത് ഇതാദ്യമല്ല. എന്നാല്‍, വിദ്യാഭ്യാസത്തിലും തൊഴിലും രാഷ്ട്രീയത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും സ്ത്രീകള്‍ നിര്‍ണായക ശക്തിയായി മാറിയിരിക്കുന്ന കാലത്ത് ഇത്തരം പരാമര്‍ശങ്ങള്‍ വീണ്ടും വീണ്ടും ഉയരുന്നത് ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ട്. സ്ത്രീകളുടെ സുരക്ഷയുടെയും അന്തസ്സിന്റെയും പേരിലാണ് അവരുടെ സഞ്ചാരസ്വാതന്ത്ര്യവും സാമൂഹിക ഇടപെടലുകളും പൊതുപങ്കാളിത്തവും പരിമിതപ്പെടുത്തുന്നതെങ്കില്‍ യഥാര്‍ഥ ചോദ്യം ഇതാണ്: ഇത് സംരക്ഷണമാണോ, നിയന്ത്രണമാണോ?
സുരക്ഷിതമായ ഒരു സമൂഹം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വം സ്ത്രീകളുടെ സ്വാതന്ത്ര്യം കുറച്ചുകൊണ്ട് നിറവേറ്റാനാവില്ല. മറിച്ച് സ്ത്രീകള്‍ക്ക് സുരക്ഷിതമായി പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കാനും പഠിക്കാനും ജോലി ചെയ്യാനും അഭിപ്രായം പറയാനും രാഷ്ട്രീയത്തില്‍ പങ്കെടുക്കാനും കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടത്.
കേരളത്തിലെ സ്ത്രീകളുടെ ജീവിതം ഇന്ന് വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്നതല്ല. ഒരുകാലത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പോലും വലിയ സാമൂഹിക വെല്ലുവിളിയായിരുന്ന കേരളത്തില്‍ ഇന്ന് സ്ത്രീകള്‍ സ്കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്നു. അധ്യാപകരായും ഡോക്ടര്മാരായും എന്‍ജിനീയര്‍മാരായും ശാസ്ത്രജ്ഞരായും മാധ്യമപ്രവര്‍ത്തകരായും സംരംഭകരായും ജനപ്രതിനിധികളായും അവര്‍ പ്രവര്‍ത്തിക്കുന്നു. പ്രാദേശിക ഭരണകൂടങ്ങള്‍ മുതല്‍ നിയമസഭയിലും പാര്‍ലമെന്റിലും വരെ സ്ത്രീകളുടെ സാന്നിധ്യമുണ്ട്.
ഒരു സ്ത്രീ രാജ്യത്തിന്റെ സര്‍വ സൈന്യാധിപയായി പരമോന്നത ഭരണഘടനാ പദവിയിലെത്തിയിരിക്കുന്ന ഇന്ത്യയിലാണ് നാം ജീവിക്കുന്നത്. സ്ത്രീകളെ വീടിന്റെ പരിധിക്കുള്ളില്‍ മാത്രം ഒതുക്കണമെന്ന് പറയുന്ന ആശയം ഈ പുതിയ ഇന്ത്യയുടെ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല.
കാന്തപുരത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഉയര്‍ന്നുവന്ന പ്രതികരണങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് മുസ്ലിം സ്ത്രീകളില്നിന്നുതന്നെയുള്ള വിമര്‍ശനങ്ങളാണ്. മതത്തിന്റെ പേരില്‍ സ്ത്രീകളുടെ ജീവിതപരിധി നിര്‍ണയിക്കാനുള്ള ശ്രമങ്ങളെ അവര്‍ ചോദ്യം ചെയ്യുന്നു. അടുത്തിടെ കേരളം കണ്ട ഓണാഘോഷങ്ങളുടെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച സ്ത്രീകളുടെ പങ്കാളിത്തവും ഈ സമൂഹത്തിനുള്ളിലെ മാറ്റങ്ങളുടെ മറ്റൊരു സൂചനയാണ്.
ഒരു സ്ത്രീക്ക് പഠിക്കാനും ജോലി ചെയ്യാനും സ്വന്തം വരുമാനം നേടാനും പൊതുപരിപാടികളില്‍ പങ്കെടുക്കാനും സാമൂഹികരാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയാനും അവകാശമുണ്ടാകണം എന്ന ആവശ്യം ഏതെങ്കിലും ഒരു മതത്തിനെതിരായ നിലപാടായി കാണാനാവില്ല. അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന ആവശ്യമാണ്.
ഒരു സ്ത്രീക്ക് ഒരു പ്രത്യേക വസ്ത്രധാരണം സ്വീകരിക്കണമെങ്കില്‍ അത് അവരുടെ അവകാശമാണ്. ഒരു മതപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതും അവരുടെ അവകാശമാണ്. അതുപോലെ തന്നെ വിദ്യാഭ്യാസം നേടാനും ജോലി ചെയ്യാനും പൊതുവേദിയില്‍ സംസാരിക്കാനും യാത്ര ചെയ്യാനും രാഷ്ട്രീയത്തില്‍ പങ്കെടുക്കാനും ആഘോഷിക്കാനും അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യവും അവര്‍ക്കുണ്ടാകണം. ആ സ്വാതന്ത്ര്യം ആരും നല്‍കേണ്ടതല്ല
ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും തുല്യതയും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്നു. മതവിശ്വാസം പിന്തുടരാനുള്ള അവകാശവും ഭരണഘടന സംരക്ഷിക്കുന്നു. എന്നാല്‍, മതസ്വാതന്ത്ര്യം മറ്റൊരാളുടെ അടിസ്ഥാന അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള അധികാരമായി മാറാന്‍ പാടില്ല. ഒരു വ്യക്തി സ്വന്തം വിശ്വാസത്തിന്റെ ഭാഗമായി ചില നിയന്ത്രണങ്ങള്‍ സ്വമേധയാ സ്വീകരിക്കുന്നതും അതേ നിയന്ത്രണങ്ങള്‍ ഒരു സമൂഹത്തിലെ എല്ലാ സ്ത്രീകള്‍ക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെടുന്നതും രണ്ടുതരത്തിലുള്ള കാര്യങ്ങളാണ്.
സ്ത്രീയുടെ സാമ്പത്തിക സ്വാതന്ത്ര്യവും ഇതോടൊപ്പം ചേര്‍ത്ത് കാണണം. ഒരു സ്ത്രീക്ക് ജോലി ചെയ്യാനോ വരുമാനം നേടാനോ അവസരമില്ലെങ്കില്‍ അവളുടെ സാമ്പത്തിക ആശ്രിതത്വം വര്‍ധിക്കാം. വിദ്യാഭ്യാസം, തൊഴില്‍, സംരംഭകത്വം എന്നിവ സ്ത്രീകള്‍ക്ക് നല്‍കുന്നത് വെറും വ്യക്തിപരമായ നേട്ടമല്ല;കുടുംബത്തിന്റെയും സമൂഹത്തിന്റെയും സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള നിക്ഷേപം കൂടിയാണ്. അതുകൊണ്ടാണ് സ്ത്രീകളുടെ വിദ്യാഭ്യാസവും തൊഴിലും സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക പങ്കാളിത്തവും പരസ്പരം ബന്ധപ്പെട്ട വിഷയങ്ങളാകുന്നത്. സ്ത്രീയെ വീടിനുള്ളില്‍ ഒതുക്കുന്നതിലൂടെ കുടുംബത്തെയും സമൂഹത്തെയും ശക്തിപ്പെടുത്താനാവില്ല. മറിച്ച് സ്ത്രീക്ക് സ്വന്തം കഴിവുകള്‍ വികസിപ്പിക്കാനും സ്വന്തം തീരുമാനങ്ങള്‍ എടുക്കാനും അവസരം നല്‍കുമ്പോഴാണ് കുടുംബവും സമൂഹവും ശക്തമാകുന്നത്.
സ്ത്രീസമത്വത്തെക്കുറിച്ചും നവോത്ഥാനത്തെക്കുറിച്ചും പുരോഗമനത്തെക്കുറിച്ചും നിരന്തരം സംസാരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം സ്ത്രീകള്‍ പൊതുജീവിതത്തില്‍നിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെടുന്ന പ്രസ്താവനയ്ക്കെതിരേ വ്യക്തമായ നിലപാട് പറയാത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രി വി.ഡി. സതീശന് ഇക്കാര്യത്തില്‍ മൗനം വെടിഞ്ഞ് തന്റെ നിലപാട് വ്യക്തമാക്കണം. മതപണ്ഡിതരുടെ പ്രസ്താവനകളോട് പ്രതികരിക്കേണ്ടതില്ലെന്ന നിലപാട് പറഞ്ഞ് രാഷ്ട്രീയ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനും കഴിയില്ല. ഭരണഘടനാ മൂല്യങ്ങളേക്കാള്‍ വോട്ടുബാങ്ക് താല്പര്യങ്ങള്ക്ക് മുന്‍ഗണന നല്കുന്ന രാഷ്ട്രീയം കേരളത്തിലെ സ്ത്രീകളോടുള്ള വഞ്ചനയാണ്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരേ കേരളത്തിലെ നേതൃത്വം മാത്രമല്ല, ദേശീയ കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമായ നിലപാട് പ്രഖ്യാപിക്കണം.
അതുപോലെ സി.പി.എമ്മിനും ഈ വിഷയത്തില്‍ ഒഴിഞ്ഞുമാറാനാവില്ല. സ്ത്രീകളുടെ അവകാശങ്ങളും നവോത്ഥാനവും പുരോഗമനവും പ്രസംഗങ്ങളില്‍ മാത്രം ഉയര്‍ത്തിപ്പിടിച്ചാല്‍ പോരാ. മതമൗലികവാദത്തിന്റെ സമ്മര്‍ദത്തിന് മുന്നില്‍ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാട് പ്രായോഗികമായി പ്രകടിപ്പിക്കണം. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് അല്ല സ്ത്രീശക്തികരണം അതല്ല നവോത്ഥാനമെന്ന് തുറന്നു സമ്മതിക്കാന്‍ സി.പി.എം. തയാറാവണം അതിനുള്ള ധൈര്യം സി.പി.എമ്മിന് അവശേഷിക്കുന്നുണ്ടോ എന്ന കാര്യംസംശയമാണ്.
കേരളത്തിലെ ഓരോ പെണ്‍കുട്ടിക്കും പഠിക്കാനും ആഘോഷിക്കാനും സ്വപ്നം കാണാനും സ്വന്തം ജീവിതം പൂര്‍ണ സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും നയിക്കാനും ഭരണഘടനാപരമായ അവകാശമുണ്ട്.ഈ അവകാശങ്ങള്‍ ഒരു മതനേതാവിന്റെയോ രാഷ്ട്രീയ നേതാവിന്റെയോ അനുമതിക്ക് വിധേയമാകേണ്ടതല്ല. മതവിശ്വാസത്തെ ബഹുമാനിക്കുന്നതിനൊപ്പം വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും ബഹുമാനിക്കണം. മതവും ഭരണഘടനയും തമ്മിലുള്ള സംഘര്‍ഷമായി വിഷയത്തെ അവതരിപ്പിക്കുന്നതിനുപകരം, ഓരോ വ്യക്തിക്കും സ്വന്തം വിശ്വാസം പിന്തുടരാനും സ്വന്തം ജീവിതം തെരഞ്ഞെടുക്കാനും കഴിയുന്ന ജനാധിപത്യ അന്തരീക്ഷമാണ് സംരക്ഷിക്കേണ്ടത്.
രാജീവ് ചന്ദ്രശേഖര്‍
(ബി.ജെ.പി. സംസ്ഥാന
അധ്യക്ഷനാണ് ലേഖകന്‍.)





Comments