
'പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മതസംബന്ധമായ മാന്ദ്യവും അലസതയും സാധാരണക്കാരുടെ ഇടയില്‍ ആവിര്‍ഭവിച്ചു. സമുന്നതമായ മഹത്വങ്ങള്‍ അബദ്ധജടിലങ്ങളായ ചില ആചാരങ്ങളുടെ കുത്തക മാത്രമായി രൂപാന്തരപ്പെടുകയും ചെയ്‌തു. അങ്ങനെയുള്ള സന്ദര്‍ഭത്തിലാണ് ശ്രീ ചട്ടമ്പിസ്വാമികളുടെ ആവിര്‍ഭാവമുണ്ടായത്. വിനാശകരമായ മേല്‍പറഞ്ഞ വിപത്തില്‍നിന്നും അദ്ദേഹം ഹിന്ദുക്കളെ തട്ടിയുണര്‍ത്തി. ജീവിതത്തിന് ഒരു ഉദ്ദേശവും ലക്ഷ്യവും ഉണ്ടെന്നുള്ള വസ്‌തുത അവരെ ഉദ്‌ബോധിപ്പിച്ചു. തന്റെ അതിലളിതമായ ജീവിത രീതിയാലും സാധാരണ ജനങ്ങളുമായുള്ള താദാത്‌മ്യത്താലും എരിഞ്ഞണമാറായ ഹിന്ദുമത ജ്യോതിസ്സിന് ഉത്തേജനവും ചൈതന്യവും നല്‍കി അദ്ദേഹം നിര്‍വഹിച്ചിട്ടുള്ള കൃത്യങ്ങളെല്ലാം തന്നെ കുശാഗ്ര ബുദ്ധിയും ദൂരവീക്ഷണ പടുത്വവും സൂക്ഷ്‌മദൃഷ്‌ടിയുമുള്ള അതിസമര്‍ഥനായ ഒരു പ്രവാചകന്റെയോ ഒരു ലോകാചാര്യന്റെയോ ജോലികള്‍ ആയിരുന്നു.'
1941 ലെ തിരുവിതാംകൂര്‍ സെന്‍സസ് റിപ്പോര്‍ട്ടില്‍ മഹാഗുരു ചട്ടമ്പിസ്വാമിയെക്കുറിച്ചു പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്.
ഗുരുക്കന്മാരുടെ ഗുരുവായി വാഴ്‌ത്തപ്പെട്ട മഹാഗുരുവിന്റെ ജീവിതം ഒട്ടേറെ ആശയ സമരങ്ങളിലൂടെയാണ് കടന്നുപോയത്. 1881 ല്‍ നടത്തിയ വേദാധികാരപ്രതിഷ്‌ഠാപനം, ഹൈന്ദവ വൈജ്‌ഞാനിക കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് ആയിരുന്നു. സംസ്‌കാര പഠനത്തിന്റെ പൂര്‍വ മാതൃകകള്‍ എന്ന നിലയില്‍ പ്രാചീന മലയാളം, സ്‌ഥലനാമപഠനം, ആദിഭാഷ, ദ്രാവിഡമാഹാത്‌മ്യം തുടങ്ങിയ കൃതികള്‍ സ്‌ഥാനം നേടി. 'കാരുണ്യം നമ്മുടെ മതം' എന്നു പ്രഖ്യാപിച്ചു കൊണ്ട് സ്വജീവിതത്തെ അനുകമ്പയുടെ സന്ദേശമാക്കിയ വിദ്യാധിരാജന്‍, മാനവികതയുടെ ആചാര്യനാണ്.
ഭക്‌തിയും ജ്‌ഞാനവും നിറഞ്ഞ കര്‍മയോഗ മാര്‍ഗങ്ങളിലൂടെ, ജാതിമത ഭേദമില്ലാതെ ഒരു ജനതയെ വെളിച്ചത്തിലേക്ക് നയിക്കുന്നതില്‍ മുന്‍ നിരയില്‍നിന്ന മഹാഗുരുവിന്റെ 173ാമത് ജയന്തി ഇന്ന് ആഘോഷിക്കപ്പെടുകയാണ്.
സ്വാമി വിവേകാനന്ദനെപ്പോലും വിസ്‌മയിപ്പിച്ച സര്‍വജ്‌ഞത്വമാര്‍ജിച്ച മഹാപുരുഷനാണ് ചട്ടമ്പിസ്വാമി. സാധാരണക്കാരോടൊപ്പം വെറും സാധാരണമെന്നു തോന്നുന്ന ജീവിതം നയിച്ച അസാധാരണ വ്യക്‌തി പ്രഭാവത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. കാഷായം ധരിക്കാത്ത സന്യാസി, കാടുകായറാതെ തപസ്സു ചെയ്‌ത മഹര്‍ഷി, സര്‍വകലാവല്ലഭന്‍, യുക്‌തിവാദപടു, സമുദായ പരിഷ്‌കര്‍ത്താവ്, മഹാനായ ചിന്തകന്‍, മഹാസിദ്ധന്‍, താര്‍ക്കികന്‍, ഭിഷഗ്വരന്‍ എന്നിങ്ങനെ പലര്‍ക്കും പലതായിരുന്നു അദ്ദേഹം.
ഇന്നേക്ക് 173 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1853 ഓഗസ്‌റ്റ് 25ന് ചിങ്ങമാസത്തിലെ ഭരണി നാളില്‍ തിരുവനന്തപുരത്ത് കണ്ണന്മൂല എന്ന സ്‌ഥലത്ത് താമരശ്‌ശേരി ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിയുടെയും ഉള്ളൂര്‍ക്കോട്ട് വീട്ടില്‍ നങ്ങമ്മപിള്ളയുടെയും പ്രഥമ സന്താനമായാണ് സ്വാമിയുടെ ജനനം. അയ്യപ്പന്‍ എന്ന പേരാണ് അദ്ദേഹത്തിന് ആദ്യമിട്ടതെങ്കിലും കുഞ്ഞന്‍പിള്ള എന്ന പേരിലാണ് കുട്ടിക്കാലം മുതലേ അറിഞ്ഞു വന്നത്. വീട്ടിലെ ദാരിദ്യം മൂലം വിദ്യാലയത്തില്‍ ചേര്‍ന്നു പഠിക്കാന്‍ ആദ്യകാലത്ത് അദ്ദേഹത്തിന് സാധിച്ചില്ല. എങ്കിലും സ്വപ്രയത്നം കൊണ്ട് മലയാളം, തമിഴ്, സംസ്‌കൃതം എന്നീ ഭാഷകളിലും ഗണിതശാസ്‌ത്രത്തിലും നല്ല പാണ്ഡിത്യം നേടി. പതിനഞ്ചാമത്തെ വയസ്സില്‍ ഏതാണ്ട് ആറുമാസത്തേക്ക് പേട്ടയില്‍ രാമന്‍പിള്ള ആശാന്‍ എന്ന പണ്ഡിതന്റെ പാഠശാലയില്‍ ചേര്‍ന്നു സംഗീതം പഠിക്കാന്‍ ഇടയായി. അക്കാലത്ത് ആ വിദ്യാലയത്തിലെ ചട്ടമ്പിള്ള അഥവാ ചട്ടമ്പി (ഇന്നത്തെ മോനിട്ടര്‍ എന്നും ക്ലാസ് ലീഡര്‍ എന്നും പറയുന്നത്) ആയിരുന്നതു കൊണ്ടാണ് കുഞ്ഞന്‍പിള്ള ചട്ടമ്പി എന്നു വിളിക്കപ്പെട്ടു വന്നത്.
കുഞ്ഞന്‍പിള്ള ചട്ടമ്പിക്ക് പതിനെട്ട് വയസ്സുള്ളപ്പോള്‍ പേട്ടയില്‍ രാമന്‍പിള്ള ആശാന്‍ നടത്തിവന്നിരുന്ന ജ്‌ഞാനപ്രജാഗരം എന്ന സത്സംഗ സഭയില്‍ വച്ച് തൈക്കാട് അയ്യാസ്വാമി എന്ന പ്രസിദ്ധയോഗിയില്‍നിന്നും യോഗമുറകളെല്ലാം അഭ്യസിച്ചു. ഏകദേശം 24 വയസ്സുള്ളപ്പോള്‍ തിരുവനന്തപുരത്തെ നവരാത്രി വിദ്വല്‍ സദസ്സില്‍ പങ്കെടുക്കാന്‍ എത്തിയ സുബജടപാഠികള്‍ എന്ന മഹാപണ്ഡിതനില്‍നിന്നും സംസ്‌കൃതത്തിലും തമിഴിലുമുള്ള ആദ്ധ്യാത്‌മിക ശാസ്‌ത്രങ്ങളെല്ലാം ആ യുവാവ് പഠിച്ചു. യാദൃശ്‌ചികമായി കന്യാകുമാരി ജില്ലയിലെ വടിവീശ്വരം എന്ന ഗ്രാമത്തില്‍ വച്ച് പ്രാകൃത വേഷധാരിയായ ഒരു അവധൂതനെ കണ്ടുമുട്ടുന്നതിനും സംസാരബന്ധവിച്‌ഛേദകമായ ആത്മജ്‌ഞാനം നേടുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. കുഞ്ഞന്റെ പ്രതിഭാ ശക്‌തിയും ജ്‌ഞാനബോധവും ബോധ്യപ്പെട്ട കൂപക്കര പോറ്റിയാണ് ജ്‌ഞാനപ്രജാഗരം സഭയില്‍ വച്ച് 'വിദ്യാധിരാജന്‍ എന്ന വിശേഷണം കുഞ്ഞന്‍പിള്ള ചട്ടമ്പിക്കു സമ്മാനിച്ചത്.
ചട്ടമ്പിസ്വാമിയുടെ മഹത്വം ഗ്രഹിക്കാന്‍ കഴിഞ്ഞത് അപൂര്‍വം ചില മഹാത്‌മാക്കള്‍ക്കു മാത്രമാണ്. അവരില്‍ പ്രഥമനും പ്രധാനിയും ശ്രീനാരായണ ഗുരുദേവനായിരുന്നു. ശ്രീനാരായണ ഗുരുവിന് 28 വയസ്സുള്ളപ്പോള്‍ തെക്കന്‍ തിരുവിതാംകൂറിലെ അണിയൂര്‍ ക്ഷേത്ര സങ്കേതത്തില്‍ വച്ചാണ് ഗുരുവേദവന്‍ ചട്ടമ്പിസ്വാമിയെ ആദ്യം കണ്ടത്. അന്നു മുതല്‍ 41 വര്‍ഷം അദ്ദേഹത്തിന് വിദ്യാധിരാജനെ അടുത്തു പരിചയപ്പെടാന്‍ കഴിഞ്ഞു. ചട്ടമ്പിസ്വാമിക്ക് ഗുരുദേവനെക്കാള്‍ രണ്ടു വയസ്സു മാത്രമേ പ്രായകൂടുതല്‍ ഉണ്ടായിരുന്നുള്ളു. ഈ മഹാപുരുഷന്മാര്‍ ഒരുമിച്ച് അനേകനാള്‍ തീര്‍ഥാടനവും മറ്റും നടത്തി. ശ്രീ വിദ്യാധിരാജന്റെ ജീവചരിത്രമെഴുതിയതും ശ്രീനാരായണ ഗുരുവാണ്. ഒരു മുക്‌ത പുരുഷനെക്കുറിച്ചറിയാന്‍ ഒരു മുക്‌ത പുരുഷനു മാത്രമേ കഴിയൂ എന്നതാണേല്ലാ വസ്‌തുത.
ചട്ടമ്പിസ്വാമിയുടെ അസാധാരണ വ്യക്‌തിത്വത്തെ മനസിലാക്കാന്‍ കഴിഞ്ഞ സ്വാമി വിവേകാനന്ദന്‍ 1892 ഡിസംബര്‍ നാലിന് എറണാകുളത്ത് കലൂരില്‍ ദിവാന്‍ സെക്രട്ടറി രാമയ്യരുടെ ഗൃഹത്തില്‍ വച്ച് 'ചിന്മുദ്ര'യെക്കുറിച്ച് ചട്ടമ്പിസ്വാമി വിശദീകരിച്ചപ്പോള്‍ പ്രതികരിച്ചത് ഇങ്ങനെയായിരു: ഞാന്‍ ബംഗാളത്തു നിന്നും ബഹുദൂരമുള്ള ഇവിടെ വരെ എത്തി. യാത്രയില്‍ പല സന്യാസിമാരെയും കണ്ടു. ചിന്മുദ്രയെക്കുറിച്ച് ഞാന്‍ അവരോടെല്ലാം ചോദിച്ചതാണ്. ഇത്ര തൃപ്‌തികരമായ മറുപടി പറയുവാന്‍ ഇന്നേവരെ മറ്റാര്‍ക്കും സാധിച്ചില്ല. മലബാറില്‍ അസാധാരണനായ ഒരു മനുഷ്യനെയാണ് ഞാന്‍ കണ്ടത്.
ചട്ടമ്പിസ്വാമിയുടെ ജീവിതത്തിന്റെ അവസാനഘട്ടത്തിലാണ് കുമ്പളത്ത് ശങ്കുപ്പിള്ളയുമായി പരിചയപ്പെടുന്നത്. കേരള രാഷ്‌ട്രീയത്തിലെ ഉരുക്കു മനുഷ്യന്‍, ക്ഷേത്ര നവോഥാന നായകന്‍, നാടിന്റെ കാരണവര്‍, പന്മന ആശ്രമം സ്‌ഥാപകന്‍ തുടങ്ങിയ നിലയില്‍ പലര്‍ക്കും പലതായിരുന്ന കുമ്പളവും സ്വാമിയും തമ്മില്‍ പിതൃപുത്ര നിര്‍വിശേഷമായ സ്‌നേഹബന്ധമാണുണ്ടായിരുന്നത്. തല്‍ഫലമായി സ്വാമി മുന്‍കൂട്ടി കുമ്പളത്തിന്റെ ജന്മദേശമായ പന്മനയില്‍ ഒരു സമാധിസ്‌ഥാനം കണ്ടുവയ്‌ക്കുകയും സമയമാകുമ്പോള്‍ അവിടെ എത്തിക്കൊള്ളാമെന്നു വാഗ്‌ദാനം ചെയ്യുകയും ചെയ്‌തിരുന്നുവത്രേ!
പ്രാക്കുളം സി. പത്‌മനാഭപിള്ളയുടെ സ്‌മാരകമായി കുമ്പളം 1919ല്‍ പന്മനയില്‍ സ്‌ഥാപിച്ച വായനശാലയില്‍ 1923ലാണ് സ്വാമി എത്തുന്നത്. അവിടെ നിരവധി വിജ്‌ഞാന സദസ്സുകള്‍ നടത്തിയിരുന്നു. പിന്നീട് 1924ല്‍ പന്മനയിലെത്തിയ സ്വാമി ഒരു മാസം വിശ്രമിച്ചതും ഉറങ്ങിയതും ഈ വായനശാലയിലായിരുന്നു. 'ഇടവസൂര്യനെ ഞാന്‍ കണി കാണില്ല' എന്ന് നേരത്തേ തന്നെ ശിഷ്യന്മാരോട് പ്രവചിച്ചിരുന്നതിനാല്‍ എല്ലാവരും മഹാസമാധിയും പ്രതീക്ഷിച്ച് ഗുരുവിനെ പന്മനയില്‍ ചെന്നു കണ്ടു വണങ്ങി. അങ്ങനെ ഇടവസൂര്യനെ കണി കാണാതെ തന്നെ മേടം 23 ന്(1924 മേയ് അഞ്ചിന്) വായനശാലയില്‍ വച്ചു തന്നെ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
ചവറ സുരേന്ദ്രന്‍പിള്ള
(ശബരിമല ശ്രീഅയ്യപ്പ ധര്‍മ പരിഷത്ത്
ദേശീയ ചീഫ് കോര്‍ഡിനേറ്ററാണ് ലേഖകന്‍ ഫോണ്‍: 9387918756)






Comments