
വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷത്തിനിടയിൽ സൗദി അറേബ്യയ്ക്ക് 5 ബില്യൺ ഡോളറിന്റെ (ഏകദേശം 41,000 കോടി രൂപയിലേറെ) ആയുധ വിൽപ്പനയ്ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകി. ജെഡാം ഗൈഡൻസ് കിറ്റുകൾ, ബോംബുകൾ, സാങ്കേതിക പിന്തുണ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ പ്രതിരോധ കരാർ.
5,004 കെഎംയു-572 ജെഡാം (j Dam) ഗൈഡൻസ് കിറ്റുകളും, 5,000 കെഎംയു-556 ജെഡാം ഗൈഡൻസ് കിറ്റുകളും സൗദി അറേബ്യ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ 5,004 ബിഎൽയു-111 (500 പൗണ്ട്), 5,000 ബിഎൽയു-117 (2,000 പൗണ്ട്) പൊതു ആവശ്യ ബോംബുകളും ഇതിൽ ഉൾപ്പെടുന്നു. ഫ്യൂസ് സിസ്റ്റങ്ങൾ, ടാർഗെറ്റ് ഡിറ്റക്ടറുകൾ, സ്പെയർ പാർട്സ് എന്നിവയും കരാറിന്റെ ഭാഗമാണ്.
വിർജീനിയ ആസ്ഥാനമായുള്ള ബോയിംഗ് ആണ് ഈ ആയുധക്കരാറിലെ പ്രധാന കരാറുകാരായി പ്രവർത്തിക്കുക. ഗൾഫ് മേഖലയിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും, നിലവിലുള്ളതും ഭാവിയിലുള്ളതുമായ പ്രാദേശിക ഭീഷണികളെ പ്രതിരോധിക്കാൻ സൗദി അറേബ്യയെ പ്രാപ്തമാക്കുന്നതിനും വേണ്ടിയാണ് ഈ ആയുധ വിൽപ്പനയെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. യുഎസ് സൈന്യവുമായുള്ള പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
പശ്ചിമേഷ്യയിലെ നിലവിലുള്ള സംഘർഷങ്ങളും, സൗദി അറേബ്യയ്ക്ക് നേരെ യെമനിലെ ഹൂതി വിമതരിൽ നിന്നുള്ള ആക്രമണങ്ങളും കണക്കിലെടുത്താണ് ഈ നീക്കം. തങ്ങളുടെ പ്രദേശങ്ങളും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കാൻ സൗദി അറേബ്യ ശ്രമിച്ചുവരികയാണ്. ഇതിനുപുറമെ, സമാധാനപരമായ ആണവ സഹകരണത്തിനായി അമേരിക്കയും സൗദി അറേബ്യയും തമ്മിൽ '123 കരാർ' ഉൾപ്പെടെയുള്ള സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.







Comments