
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദിയും തീയതിയും സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമം. ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് കായികമേള നടക്കും. കോഴിക്കോട് എൻഐടിയായിരിക്കും പ്രധാന വേദി.
കണ്ണൂരിൽ നിന്ന് കോഴിക്കോട് വേദി മാറ്റിയതിനെതിരെ വിവാദം ശക്തമായിരുന്നെങ്കിലും ഇനി വേദിമാറ്റമുണ്ടാകില്ലെന്ന് കായിക മന്ത്രി ഒ. ജെ. ജനീഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകുമെന്നതിനാലാണ് കോഴിക്കോട് തെരഞ്ഞെടുത്തതെന്നും മന്ത്രി വിശദീകരിച്ചു. എൻഐടിയിലേത് പുതിയ ട്രാക്കാണെന്നും ഒളിംപിക് മാതൃകയിൽ മത്സരങ്ങൾ നടത്താനുള്ള സൗകര്യങ്ങൾ കണ്ണൂരിനെക്കാൾ കോഴിക്കോടിനുണ്ടെന്നും ജനീഷ് പറഞ്ഞു.
അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാമെന്നാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ പ്രതികരണം.
കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ചടങ്ങിലായിരുന്നു 2026ലെ വേദിയായി കണ്ണൂരിനെ പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി പതാക ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ കായികമേള കോഴിക്കോട് നടത്താൻ തീരുമാനിക്കുകയായിരുന്നു. മേളയ്ക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നതിനാൽ വേദിമാറ്റം കണ്ണൂരിനെ നിരാശപ്പെടുത്തിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ പ്രതികരിച്ചു. വേദിമാറ്റത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി അറിഞ്ഞിരുന്നില്ലെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കണ്ണൂരിന്റെ പരാതി അടുത്ത വർഷം പരിഹരിക്കാമെന്ന് എൻ. ഷംസുദ്ദീൻ ഉറപ്പ് നൽകിയിട്ടുണ്ട്.







Comments