
കൊൽക്കത്ത: മധ്യപ്രദേശിലെ ബാഗേശ്വർ ധാം മുഖ്യ പൂജാരി ധീരന്ദ്ര കൃഷ്ണ ശാസ്ത്രി പശ്ചിമ ബംഗാളിൽ നടത്തിയ ഒരു പരാമർശം വിവാദമാകുന്നു. ദുർഗ്ഗാ പൂജാ ആഘോഷ വേളകളിൽ മീനോ മാംസമോ പാകം ചെയ്യുകയോ കഴിക്കുകയോ ചെയ്യരുതെന്നും, അങ്ങനെ ചെയ്യുന്നവർ "പാഖണ്ഡി (വഞ്ചകർ)" ആണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സമാനമായ ഒരു നിർദ്ദേശം നൽകി ദിവസങ്ങൾക്കകമാണ് ശാസ്ത്രിയുടെ ഈ പ്രസ്താവന. ഇത് സ്വയം "ഹിന്ദു ദേശീയവാദികൾ" എന്ന് വിളിക്കുന്നവർ ഉൾപ്പെടെയുള്ള ബംഗാളി ഹിന്ദുക്കൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി.
ധീരന്ദ്ര ശാസ്ത്രിയെ താൻ ഒരു ആദരണീയ വ്യക്തിയായി കാണുന്നുവെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യ വ്യക്തമാക്കി. എന്നാൽ അദ്ദേഹത്തിന്റെ പരാമർശം വ്യക്തിപരമാണെന്നും ബിജെപിയുടെ ഔദ്യോഗിക നിലപാടല്ലെന്നും ഭട്ടാചാര്യ കൂട്ടിച്ചേർത്തു. "ഞങ്ങൾ ബംഗാളികൾ അഷ്ടമിക്ക് ലുചിയും (പൂരിപോലെയുള്ള പലഹാരം), നവമിക്ക് മട്ടനുമാണ് കഴിക്കുന്നത്" എന്നും അദ്ദേഹം പറഞ്ഞു.
ബംഗാളി സംസ്കാരത്തെയും ഭക്ഷണരീതികളെയും പുറത്തുനിന്നുള്ളവർ പഠിപ്പിക്കേണ്ടതില്ലെന്ന് സോഷ്യൽ മീഡിയയിലൂടെയും മറ്റും പലരും പ്രതികരിച്ചു. രാമകൃഷ്ണ മിഷനിൽ പോലും മത്സ്യവും മാംസവും പ്രസാദമായി (ഭോഗ്) നൽകാറുണ്ടെന്ന് മാധ്യമപ്രവർത്തകരും പൊതുജനങ്ങളും ചൂണ്ടിക്കാണിച്ചു. ഹിന്ദുമതം വൈവിധ്യത്തിൽ സമ്പന്നമാണെന്നും, സസ്യാഹാരം മാത്രമാണ് ഏക വഴിയെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും വിമർശകർ വാദിച്ചു.
അതേസമയം, നോൺ-വെജ് ഭക്ഷണം പൂർണ്ണമായി നിരോധിക്കാനല്ല പറഞ്ഞതെന്നും, പൂജാ പന്തലുകൾക്ക് സമീപം അത് വിൽക്കരുതെന്നാണ് ഉദ്ദേശിച്ചതെന്നും വാദിച്ചുകൊണ്ട് ചിലർ ശാസ്ത്രിയുടെ പ്രസ്താവയെ പിന്തുണച്ചും രംഗത്തെത്തി.







Comments