
മലയാളത്തിൽ എക്കാലത്തെയും ഹിറ്റ് ചിത്രമായ ഗോഡ്ഫാദറിലെ അഞ്ഞൂറാൻ എന്ന കഥാപാത്രമടക്കം ചെയ്ത് കൈയടി വാങ്ങിയിട്ടുള്ള നാടകാചാര്യന് എന് എന് പിള്ളയുടെ മകനും അഞ്ചു പതിറ്റാണ്ടിലധികമായി അഭിനയലോകത്ത് തിളങ്ങി നില്ക്കുന്ന അതുല്യ കലാകാരനുമാണ് വിജയരാഘവന്. വില്ലന് വേഷങ്ങളിലാണ് ആദ്യകാലത്ത് വിജയരാഘവന് തിളങ്ങി നിന്നിരുന്നതെങ്കില് താരമിപ്പോള് തിളങ്ങുന്നത് ക്യാരക്ടര് റോളുകളിലും സീരിയസ് വേഷങ്ങളിലുമാണ്.
സിനിമാപ്രേമികൾ എന്നും നെഞ്ചോടു ചേർക്കുന്ന ഒരുപിടി വേഷങ്ങൾ ചെയ്തിട്ടുള്ള താരത്തിന് പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. മലയാള സിനിമയിലെ സ്വഭാവനടന്മാരില് മുന്പന്തിയിലുള്ള താരം നല്കിയ അഭിനയ മുഹൂർത്തങ്ങൾ എന്നും പ്രേക്ഷകരുടെ നെഞ്ചില് പതിഞ്ഞു കിടക്കുന്നതാണ്. താരത്തിന്റെ ഏറ്റവും പുതിയ സിനിമ ഉര്വശി കേന്ദ്രകഥാപാത്രമായി എത്തുന്ന ‘ആശ’യാണ്. സിനിമയുടെ പ്രൊമോഷന് തിരക്കുകളിലാണ് താരങ്ങള്.
ഇപ്പോഴിതാ ക്യാമറയ്ക്ക് മുന്നില് ഒപ്പമഭിനയിക്കുന്ന നായികയോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് വളരെ രസകരമായി മറുപടി നല്കുകയാണ് വിജയരാഘവന്. അഭിനയലോകത്ത് നായകനും നായികയും പ്രണയിതാക്കളായി തിളങ്ങുന്നത് സ്വാഭാവികമാണെങ്കിലും, അതിന്റെ പേരില് വ്യക്തിജീവിതത്തില് അതേ വികാരം തോന്നണമെന്നില്ലെന്നാണ് വിജയരാഘവന് പറയുന്നത്. സിനിമയില് ഒരുമിച്ച് അഭിനയിക്കുന്ന നായികമാരോട് യഥാർത്ഥ ജീവിതത്തില് പ്രണയം തോന്നാറുണ്ടോ ? എന്ന ചോദ്യത്തിനാണ് സ്വതസിദ്ധമായ ശൈലിയില് താരം മറുപടി നല്കിയത്.
‘‘എന്റെ കുടുംബത്തില് നിന്നുള്ളവർ തന്നെ നാടകവേദിയില് വ്യത്യസ്ത കഥാപാത്രങ്ങളായി എനിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്റെ സ്വന്തം സഹോദരി നാടകത്തില് എന്റെ കാമുകിയായി വേഷമിട്ടിട്ടുണ്ട്. ഞാൻ കണ്ടിട്ടുള്ളതില് ഏറ്റവും മികച്ച കലാകാരിയാരെന്ന് ചോദിച്ചാല് അച്ഛന്റെ സഹോദരി ഓമനയുടെ പേരായിരിക്കും പറയുക. ചെറുപ്പത്തില് തന്നെ അതിശയിപ്പിക്കുന്ന അഭിനയശേഷിയുണ്ടായിരുന്ന അവർ, എന്റെ അച്ഛന്റെ അമ്മയായും കാമുകിയായും നാടകത്തില് വേഷമിട്ടിട്ടുണ്ട്.
ഉർവശി ഇപ്പോള് എന്റെ ഭാര്യയായി അഭിനയിച്ചതുകൊണ്ട് അവരോട് പ്രണയം തോന്നുമോ ? എനിക്ക് ഉർവശിയെ കാണുമ്പോഴെല്ലാം ഒരു കുട്ടിയായിട്ടാണ് തോന്നാറുള്ളത്. നായികയായി പലതവണ ഒരുമിച്ച് അഭിനയിച്ച വ്യക്തിയോട് പ്രണയം തോന്നുകയാണെങ്കില്, അതുപോലെ തന്നെ ദീർഘകാലം ഒപ്പം വില്ലൻ കഥാപാത്രമായി അഭിനയിക്കുന്ന ഒരാളെ നമ്മള് തൊഴിക്കാറുണ്ടോ ? സിനിമയിലെ പ്രണയവും പകയും ക്യാമറയ്ക്ക് മുന്നിലെ കഥാപാത്രങ്ങളുടെ ഭാഗം മാത്രമാണ്. അതിനെ യഥാർത്ഥ ജീവിതവുമായി ചേർത്തുവായിക്കുന്നത് ശരിയല്ല...’’ വിജയരാഘവന് പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു വിജയരാഘവൻ ഇക്കാര്യം രസകരമായി അവതരിപ്പിച്ചത്.







Comments