
തെന്നിന്ത്യയുടെ ലേഡി സൂപ്പര്സ്റ്റാറെന്ന പദവി വീണ്ടും അരക്കിട്ടുറപ്പിക്കുകയാണ് ഉര്വശി. നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത് ഇക്കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ‘ആശ’യിലൂടെ ഉര്വശിയുടെ പുതിയൊരു മുഖമാണ് പ്രേക്ഷകര് കാണുന്നത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ഒരു ഡാർക്ക് സസ്പെൻസ് ത്രില്ലറായ ഈ സിനിമയിലൂടെ ഉർവശിയുടെ കരിയറിലെ തന്നെ ഏറ്റവും സങ്കീർണ്ണമായ കഥാപാത്രമായി മാറുകയാണ് ആശ.
ടൈറ്റില് റോളില് ഉര്വശിയെത്തുന്ന ഈ ചിത്രത്തില് ഉര്വശിയ്ക്കൊപ്പം കട്ടയ്ക്ക് നില്ക്കാന് ചുരുങ്ങിയ കാലങ്ങൾ കൊണ്ടുതന്നെ വേറിട്ട ക്യാരക്ടർ റോളുകൾ ചെയ്ത് തന്റേതായ സ്ഥാനം സ്വന്തമാക്കിയ ജോജു ജോര്ജുമുണ്ട്. ഇവര്ക്കൊപ്പം ഐശ്വര്യ ലക്ഷ്മി, ലക്ഷ്മി മേനോൻ, വിജയരാഘവൻ, പണി ഫെയിം രമേഷ് ഗിരിജ, ശാരി, ജോയ് മാത്യു, പ്രശാന്ത് അലക്സാണ്ടർ എന്നിവരും തിളങ്ങി നില്ക്കുന്നുണ്ട്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖങ്ങളുടെ തിരക്കിലാണ് ഉര്വശി. വെള്ളിത്തിരയിലെ അഭിനയമികവു പോലെ തന്നെ അഭിമുഖങ്ങളിലും ഉര്വശിയുടെ വാക്കുകള്ക്ക് ഭയങ്കര പഞ്ചാണ്.
ഇപ്പോഴിതാ പഴയ സിനിമയെക്കുറിച്ചും ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ചും മനസ്സു തുറക്കുകയാണ് ഉര്വശി.
‘‘പുതിയ ആൾക്കാരിൽ വളരെ വ്യത്യസ്ത ചിന്താഗതി ഉണ്ടാകുന്നതിന്റെ തെളിവാണ് ജഗദീഷേട്ടനും ഇന്ദ്രൻസേട്ടനും.അല്ലെങ്കിൽ അവരൊക്കെ ആ ക്ലീഷേയിൽ നിന്ന് മാറാൻ വലിയ പാടാണ്. ആ കാലഘട്ടത്തിലെ ആ ഒരു ഇമേജിനെ കൂടുതൽ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുകയല്ലാതെ, അതിൽ നിന്നും മോചനം കിട്ടിയ ഒരാളായിരുന്നു അന്ന് ഞാൻ. അക്കാലത്ത് നായികമാർ തുളസിക്കതിരും ചൂടി നിന്ന സമയത്ത് നന്നായി കുടുംബം കലക്കി കൊടുത്തിട്ടുള്ളയാളാണ് ഞാൻ... അല്ലേ?
അപ്പോ എല്ലാവരും ചോദിക്കും, ‘ഉർവശി എന്തിനാ ഉർവശി ഇങ്ങനെയുള്ള കഥാപാത്രങ്ങള് ചെയ്യുന്നതെന്ന്. ജയറാമിന്റെ നായികയായിട്ട് അഭിനയിച്ചിരുന്ന സമയത്തും, ഒരു സിനിമയില് ജയറാമിന്റെ ചേട്ടത്തിയായി, പാർവ്വതിയുടെ മൂത്ത നാത്തൂനായും അഭിനയിച്ച് അസൂയ മൂത്തിട്ട് അവരുടെ കുടുംബം കലക്കിക്കളഞ്ഞ ഒരു കഥാപാത്രം ചെയ്തില്ലേ ?
അപ്പോ അന്നും എനിക്ക് അങ്ങനെ ഒരു ഇമേജിൽ വീഴേണ്ടി വന്നിട്ടില്ല. ഇന്നും ആ ഡയറക്ടേഴ്സ് ഇപ്പോൾ സത്യേട്ടന് ആയാലും ജോഷി സാർ ആയാലും അങ്ങനെ ഒരുപാട് പേർ ഇപ്പോഴുമുണ്ട്, ഹരിഹരൻ സാർ...അവരൊക്കെ ലിമിറ്റഡ് സിനിമകളെ ചെയ്യൂ എന്ന് തീരുമാനമെടുത്തിരിക്കുകയാണ്. മറ്റുള്ളവരെല്ലാം പുതിയ ആൾക്കാരാണ്. ഞാൻ നിന്ന കാലത്തും പുതിയ സംവിധായകർ വന്നിട്ടുണ്ട്, അവർക്കും ഒരുപാട് അവസരങ്ങൾ കിട്ടിയിട്ടുണ്ട്. അപ്പോ പുതിയവരിൽ മാത്രമാണ് പുതിയ ചിന്താഗതി എന്ന് ഞാൻ പറയില്ല ഒരിക്കലും.
കാരണം പഴയ സിനിമ ആ കൃത്യമായിട്ടുള്ള രീതിയിൽ, ഒരു ഗ്രാഫ് ഉണ്ട് സിനിമയ്ക്ക്. അത് പെർഫെക്റ്റ് ആയിട്ട് ക്ലാപ്പ് അടിച്ച് തുടങ്ങി വന്നവരാണ്.
ഇന്ന് പല സിനിമകളിലും ക്ലാപ്പ് ഇല്ല. സോങ് റെക്കോർഡ് ചെയ്ത് ടേപ്പ് റെക്കോർഡറിൽ ആക്കിയിട്ട്, പലപ്പോഴും ഈ ഹെഡ്ഫോൺസ് പോലും കാണില്ല. അതൊക്കെ പിന്നീട് വന്ന സാധനങ്ങളാണ്, അക്കാലത്ത് അത് വളരെ ചുരുക്കമായിരുന്നു. ഒരു സിനിമയ്ക്ക് വേണ്ടി മാത്രമായി അത് ചിലര് കൊണ്ടുവരും.
അന്ന് ഒരു അസിസ്റ്റന്റ് ഡയറക്ടർ അവിടെയിരുന്നിട്ട് ആ പാട്ട് സ്ക്രിപ്റ്റ് എഴുതണം. എത്ര വീണ എത്ര ബിറ്റ് ഉണ്ട്, വയലിൻ എത്രയുണ്ട്... ഈ ഇൻസ്ട്രുമെന്റ്സ് അറിയണം. ഓരോന്നിന്റെയും ശബ്ദം തിരിച്ചറിയണം. ഈ മ്യൂസിക് കമ്പോസറെ പോയി കണ്ട് ഓരോന്നും ചോദിക്കും. ‘ഇതേതാ? ഇത് എത്ര ബാറുണ്ട്? വീണ എത്ര ബാർ, സാക്സഫോൺ 8 ബാർ...’ ഇങ്ങനെ എഴുതി പഠിക്കണം ഒരു ഡയറക്ടർ!
സഫലമായ കഥയ്ക്ക് എത്രമാത്രം ബ്രേക്ക് ഡൗൺ എടുത്തത് പോലും പല പടങ്ങളിലും വേണ്ട എന്നുള്ളതാണ്. ഡേ, നൈറ്റ്, ആർട്ടിസ്റ്റ്, ഡേറ്റ്, കോസ്റ്റ്യൂംസ്... ഇത് മുഴുവനും എഴുതണം... ആ കഥാപാത്രങ്ങളുടെ വയസ്സ്... 53 വയസ്സ്, 58 വയസ്സ്, 70 വയസ്സ്... കാരണം അവിടെ വരുമ്പോൾ ആ ഒരു പർട്ടിക്കുലർ ക്യാരക്ടറിന് ഒരാളിനെ കൊണ്ടുവരുന്നത്. ഈ ബ്രേക്ക് ഡൗൺ പ്രൊഡക്ഷൻ കൺട്രോളറുടെ കയ്യിൽ കിട്ടണം, അന്ന് കൺട്രോളർ എന്നൊന്നുമില്ല, മാനേജറാണുള്ളത്...’’ ഉര്വശി പറയുന്നു.







Comments