
ന്യൂഡല്ഹി: ബ്രിക്സ് ഉച്ചകോടിയില് വിമര്ശനവുമായി പ്രതിപക്ഷ പാര്ട്ടികള്. ഉച്ചകോടിയില് എത്തിയ അതിഥികള്ക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെ കോണ്ഗ്രസ് വിമര്ശിച്ചപ്പോള് ലോകത്തെ ബാധിക്കുന്ന യുദ്ധങ്ങള് അവസാനിപ്പിക്കുന്ന കാര്യത്തില് ഒന്നും ചെയ്യാനായില്ലെന്ന് വിമര്ശിച്ച് സമാജ്വാദി പാര്ട്ടി രംഗത്ത് വന്നു. വിമര്ശനങ്ങള്ക്ക് മറുപടിയുമായി ബിജെപിയും രംഗത്ത് എത്തി
ബ്രിക്സ് ഉച്ചകോടിയില് സമ്പൂര്ണ്ണ സസ്യഭക്ഷണം മാത്രം വിളമ്പിയ സര്ക്കാരിന്റെ നടപടിയെ കോണ്ഗ്രസ് വിമര്ശിച്ചിരുന്നു. ലോകത്തിന്മേല് സസ്യഭക്ഷണം അടിച്ചേല്പ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണിതെന്ന് പാര്ട്ടി വിശേഷിപ്പിച്ചു. ഉച്ചകോടിയില് പങ്കെടുത്ത ലോകനേതാക്കള്ക്കാണ് സസ്യഭക്ഷണം നല്കിയത്. സ്വന്തം ഭക്ഷണരീതികള് മേല് അടിച്ചേല്പ്പിക്കാനുള്ള ബി.ജെ.പിയുടെ ശീലം രാജ്യത്ത് തന്നെ പ്രശ്നകരമാണ്.
ഇപ്പോള് ലോകമെമ്പാടുമുള്ള വിശിഷ്ട വ്യക്തികളുടെമേല് തങ്ങളുടെ ഇഷ്ടങ്ങള് അടിച്ചേല്പ്പിച്ച് അതൊരു പടി കൂടി മുന്നോട്ട് കൊണ്ടുപോയിരിക്കു ന്നതായി കോണ്ഗ്രസ് നേതാവ് പവന്ഖേര എക്സില് കുറിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ചര്ച്ചകളുടെ വിശദാംശങ്ങള് സര്ക്കാര് പരസ്യപ്പെടുത്തണം എന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഉച്ചകോടിയില് നിന്ന് കാര്യമായൊന്നും പുറത്തുവന്നിട്ടില്ലെന്ന് സമാജ്വാദിപാര്ട്ടി ആക്ഷേപിച്ചു. റഷ്യ-ഉക്രെയ്ന് യുദ്ധം അവസാനിപ്പിക്കു ന്നതിനോ അല്ലെങ്കില് ഇറാന് വിഷയത്തില് ബന്ധപ്പെട്ട കക്ഷികളെ അനുനയിപ്പിക്കുന്നതിനോ ഈ ബ്രിക്സ് രാജ്യങ്ങള് ഒരുമിച്ച് വന്നിരുന്നെങ്കില് സ്ഥിതി വ്യത്യസ്തമാകുമായിരുന്നെന്ന് യാദവ് പറഞ്ഞു.
അതേസമയം മധ്യേഷ്യയിലെ സംഘര്ഷങ്ങളില് കടുത്ത ആശങ്ക രേഖപ്പെടുത്തുകയും പരമാവധി സംയമനം പാലിക്കാനും ചര്ച്ചയ്ക്കും നയതന്ത്രത്തിനും ആഹ്വാനം ചെയ്യുകയും ചെയ്തുകൊണ്ടുള്ള 'ന്യൂഡല്ഹി ഡിക്ലറേഷന് 2026' പതിനൊന്ന് അംഗങ്ങളുള്ള ഈ കൂട്ടായ്മ അംഗീകരിച്ച വേളയിലാണ് ഈ വിമര്ശനം ഉണ്ടായത്. മധ്യേഷ്യന് യുദ്ധവുമായി ബന്ധപ്പെട്ട് ഇറാനും യു.എ.ഇയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള് പരിഹരിക്കാന് ഇന്ത്യക്ക് കഴിഞ്ഞത് വലിയൊരു നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
ബിജെപി മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്. നയപരമായ നേട്ടങ്ങളില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം 'തീറ്റയെ'ക്കുറിച്ച് സംസാരിച്ച് വലിയൊരു നയതന്ത്ര പരിപാടിയെ കോണ്ഗ്രസ് നിസ്സാരവല്ക്കരിക്കുകയാണെന്നാണ് മറുപടി. ആഗോള കാര്യങ്ങളില് ഇന്ത്യ ഒരു സ്വാധീനശക്തിയായി ഉയര്ന്നുവരുന്നതില് കോണ്ഗ്രസ് അസൂയപ്പെടുന്നുണ്ടെന്നും, വിമര്ശിക്കാന് യഥാര്ത്ഥ വിഷയങ്ങള് ഇല്ലാത്തതിനാലാണ് അത്താഴമെനുവിനെക്കുറിച്ച് സംസാരിക്കുച്ചതെന്നും ബി.ജെ.പി കൂട്ടിച്ചേര്ത്തു.







Comments