
വാഷിംഗ്ടണ്‍: ഹൈദരാബാദ് എഞ്ചിനീയര്‍ വെടിയേറ്റ് മരിച്ചതിന് പിന്നാലെ അമേരിക്കയില്‍ ഇന്ത്യാക്കാര്‍ക്ക് നേരെയുള്ള തോക്കുധാരികളുടെ വംശീയാക്രമണം തുടര്‍ക്കഥയാകുന്നു. സിഖ് വംശജന് ദീപ് റായി എന്ന 39 കാരനാണ് ഈ കാര്യത്തില്‍ ഏറ്റവും പുതിയതായി ആക്രമണത്തിന് ഇരയായിരിക്കുന്നത്. വെള്ളിയാഴ്ച വീടിന് തൊട്ടടുത്തുവെച്ച് മുഖംമൂടി ധരിച്ച ഒരാള്‍ ഇന്ത്യാക്കാരന് നേരെ വെടിവെച്ചു.
സീറ്റിലിന് സമീപം കെന്റിലെ സ്വന്തം വീടിന് പുറത്ത് ഡ്രൈവ് വേയില്‍ കാറു കഴുകിക്കൊണ്ടിരുന്നപ്പോഴായിരുന്നു കാറിലെത്തി മുഖം പകുതി മറച്ച ഒരാള്‍ വെടിവെച്ചത്. 'നിന്റെ രാജ്യത്തേക്ക് തിരിച്ചു പോ' എന്ന് ആക്രോശിച്ചു കൊണ്ട് വെടി വെച്ച ശേഷം വാഹനം ഓടിച്ചുപോയി. ദീപ് റായിക്ക് കൈയ്ക്കായിരുന്നു വെടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. വിദ്വേഷകുറ്റത്തിന്റെ പരിധിയില്‍ സംഭവം അമേരിക്കന്‍ പോലീസ് അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.
കുറ്റവാളിക്കായി തെരച്ചില്‍ ആരംഭിച്ചു. 30,000 സിഖുകാര്‍ ഉള്‍പ്പെടെ ഒരു ലക്ഷം ഇന്ത്യാക്കാരാണ് ഈ മേഖലയില്‍ താമസിക്കുന്നത്. ഇവരില്‍ ചിലര്‍ 110 വര്‍ഷം മുമ്പ് വരെ ഇവിടേയ്ക്ക് കുടിയേറിയവരുമാണ്. 1907 ന് ശേഷം ഇവിടെ ഇന്ത്യാ-വിരുദ്ധ, സിഖ്-വിരുദ്ധ ആദ്യ ആക്രമണമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം ആക്രമണങ്ങള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നാണ് അമേരിക്കന്‍ ഇന്ത്യാക്കാരുടെ സംഘടനാ നേതാക്കളും പറയുന്നത്. ലുക്കില്‍ ഒരല്‍പ്പം വ്യത്യസ്തര്‍ എന്ന് തോന്നിയാല്‍ അവരെ കുടിയേറ്റക്കാരായി മുദ്രകുത്തി ആക്രമണത്തിന് ഇരയാക്കുന്ന സ്ഥിതിയാണ് ഇപ്പോഴെന്ന് പ്രാദേശിക നേതാക്കളും പറയുന്നു.
മാര്‍ച്ച് 2 ന് ഹര്‍നിഷ് പട്ടേല്‍ എന്ന 43 കാരന് കടയുടമയ്ക്കും വീടിന് പുറത്ത് വെച്ച് വെടിയേറ്റിരുന്നു. സൗത്ത് കരോലിനയിലായിരുന്നു സംഭവം. ശ്രീനിവാസ് കുച്ചിഭോട്ല കൊല്ലപ്പെട്ടതിന് പിന്നാലെ ഫെബ്രുവരി 22 ന് അലോക് മദസാനി എന്നയാള്‍ക്കും അമേരിക്കക്കാരന്റെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കന്‍സാസിലെ ഒരു ബാറില്‍ വെച്ച് അമേരിക്കന്‍ നേവിക്കാരനായ ഒരാള്‍ മദസാനിയെ വെടി വെയ്ക്കുകയായിരുന്നു. ഇതിലൂടെ മദസാനിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. !






