
അനുവദനീയമായ അളവിലേറെ മദ്യം വീട്ടിൽ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട അബ്കാരി കേസിൽ ഇക്കഴിഞ്ഞ ദിവസം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ എംഡി ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തിരുന്നു. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ആന്റോയെ റിമാൻഡ് ചെയ്തത്. അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച നടത്തിയ പരിശോധനകൾക്കിടെ, വയനാട് മൂട്ടിൽ വാഴവറ്റയിലെ ആന്റോയുടെ കുടുംബവീട്ടിൽ നിന്നാണ് 138 കുപ്പികളിലായി സൂക്ഷിച്ച 67 ലീറ്റർ മദ്യം കണ്ടെത്തിയത്.
ഇപ്പോഴിതാ റിപ്പോർട്ടർ ടി.വി. എം.ഡി ആന്റോ അഗസ്റ്റിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങൾക്ക് നല്കിയ മറുപടിയാണ് സോഷ്യല് മീഡിയയില് നിറയുന്നത്. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി എവിടെ വേണമെങ്കിലും കയറുമെന്നും മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാരാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. റിപ്പോർട്ടർ ചാനല് ഉടമ ആന്റോ അഗസ്റ്റിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചാനലിന്റെ മൈക്കില് നോക്കിയാണ് താരം മറുപടി പറഞ്ഞത്.
‘‘താൻ എന്തെല്ലാം എന്നെ പറഞ്ഞു. ഞാന് എന്തെങ്കിലും റിയാക്ട് ചെയ്യുകയോ, ഞാൻ തിരിച്ചു ഉപദ്രവിക്കാനോ വന്നിട്ടുണ്ടോ...? സ്നേഹത്തോടെ വിളിക്കുന്നത് കേട്ടോ. അല്ല, ഈ അറസ്റ്റ് അടക്കം കാടടച്ചുള്ള റെയ്ഡ് ആയിരുന്നോ? ഓ പിന്നെ, ഇവിടുത്തെ സാധാരണ പൗരന്റെ വീട്ടിൽ കയറുമ്പോൾ അയാളുടെ മുറ്റത്ത് മാത്രം ആണല്ലോ കയറുന്നത്, അല്ലേ? അയാളുടെ ഫോണൊന്നും വാങ്ങിച്ചു വെക്കാറില്ലല്ലോ, അല്ലേ? നിങ്ങൾ ആരാ? അയ്യോ, നിങ്ങൾ ആരാ?
എന്നെ ട്രോൾ ചെയ്യുന്ന ചോദ്യമല്ലേ ഇത്? ഞാൻ ഇപ്പോൾ ചോദിക്കുന്നു നെഞ്ചുവിരിച്ച്, നിങ്ങളൊക്കെ ആരാ? നിങ്ങളും പൗരന്മാർ. അത്രയേ ഉള്ളൂ. അമിത് ഷായെ പിടിച്ചിറക്കിക്കൊണ്ട് പോകുന്ന ഫോട്ടോസുണ്ട്, കണ്ടിട്ടുണ്ടോ നിങ്ങൾ? അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന ഫോട്ടോസുണ്ട്, കണ്ടിട്ടുണ്ടോ? അതോ ഇനി ഞാൻ കാണിച്ചു തരണോ? ഇവിടുത്തെ ഏറ്റവും വലിയ വമ്പൻ മുതലാളിയുടെ വീട്ടിൽ കയറിയാലും ആദ്യം ഫോൺ പിടിച്ച് വാങ്ങിച്ചു വെക്കും. അവരുടെ അടുക്കള വരെ കയറും. അവരുടെ ബെഡ്റൂമിൽ കയറും. ഫോൾസ് സീലിംഗ് ഉണ്ടെങ്കിൽ കുത്തിപ്പൊളിച്ച് നോക്കും അതിനകത്ത് ഒളിച്ചുവെച്ചിട്ടുണ്ടോ എന്ന്. ഇതൊന്നും സോണിയാ ഗാന്ധിയുടെ കാലത്തും തുടങ്ങിയതല്ല, ഇന്ദിരാ ഗാന്ധിയുടെ കാലത്തും തുടങ്ങിയതല്ല. എന്നാണോ ഈ സിസ്റ്റം ഇന്ത്യയിൽ വന്നിട്ടുള്ളത് അന്ന് തൊട്ട് തുടങ്ങിയതാണ്. ഇൻകം ടാക്സ് റെയ്ഡുകളിൽ നമ്മൾ ഇത്, ഞാൻ എന്റെ കുട്ടിക്കാലം മുതൽ കണ്ടിട്ടുള്ളതാണ്, കേട്ടിട്ടുള്ളതാണ്.
കൊല്ലത്തൊക്കെ വലിയ മുതലാളിമാർ ഉണ്ടായിരുന്നു. അവരുടെയൊക്കെ അവിടെ ഇൻകം ടാക്സ് റെയ്ഡ് വരുമ്പോൾ എന്തൊക്കെയാണ് സംഭവിച്ചത് എന്നുള്ളത് പത്രവാർത്ത അച്ഛനും അമ്മയും വായിക്കുന്നതിൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്. അതിലൊന്നും ഒരു മാറ്റവും വന്നിട്ടില്ല, ഇനി അങ്ങനെ മുന്നോട്ട് പോകുകയുള്ളൂ. അത് ആരായാലും. അപ്പോൾ ആ ടാക്സ് പേയർക്ക് ഇല്ലാത്ത ലീനിയൻസി ഇനി എവിടെയാണ് കൊടുക്കേണ്ടത്?
മാധ്യമപ്രവർത്തകർ രാജ്യത്തെ പൗരന്മാരാണ്. പൊലീസിന് എവിടെ വേണമെങ്കിലും കയറാനാവും. രാജ്യത്തെ ഏറ്റവും വലിയ മുതലാളിയുടെ വീട്ടില് കയറിയാലും ആദ്യം ഫോണ് പിടിച്ചുവയ്ക്കും. ഇൻകം ടാക്സ് റെയ്ഡുകള് ഞാന് കുട്ടിക്കാലം മുതല് കാണുന്നതാണ്. അതിലൊന്നും ഒരു മാറ്റവും വന്നിട്ടില്ല. ഇനി അങ്ങോട്ടും അങ്ങനെ തന്നെയാകും മുന്നോട്ട് പോവുക. കാലങ്ങളായി തുടരുന്ന ഈ രീതി ഇനിയും തുടരും...’’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
റിപ്പോർട്ടർ ചാനല് ഉടമ ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത് നിയമപരമായി കൈവശം വയ്ക്കാവുന്നതിലും വളരെയേറെ കൂടുതലായിരുന്നതിനാലാണ്. പ്രത്യേക അന്വേഷണ സംഘം എക്സൈസ് സംഘത്തെ അറിയിച്ചാണ് തുടർ നടപടി സ്വീകരിച്ചത്. പിടിച്ചെടുത്തതിൽ 12.75 ലീറ്റർ വ്യാജമദ്യമാണെന്ന സംശയവും എക്സൈസ് സംഘത്തിനുണ്ടായിരുന്നു. മീനങ്ങാടിയിൽനിന്ന് എക്സൈസ് സംഘം കോടതിയിലേക്കു കൊണ്ടു പോയപ്പോഴും കോടതിയിൽ എത്തിച്ചപ്പോഴും ആന്റോ അഗസ്റ്റിൻ മാധ്യമങ്ങളോടു പ്രതികരിച്ചില്ല. മീനങ്ങാടി എക്സൈസ് ഓഫിസിൽ അഞ്ചു മണിക്കൂറോളം നീണ്ട നിയമ നടപടികൾക്കു ശേഷമാണ് ആന്റോയെ കോടതിയിൽ എത്തിച്ചത്.







Comments