
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയുള്ള സമയത്താകും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത. അധിക വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ ഫലം കാണാത്തതിനെ തുടർന്നാണ് നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യം.
നിലവിൽ 900 മെഗാവാട്ടിന്റെ കുറവാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്. മധ്യപ്രദേശിൽ നിന്ന് കടമായി ലഭിക്കേണ്ട 200 മെഗാവാട്ട് വൈദ്യുതി ഇന്നും ലഭിക്കില്ലെന്ന് ഉറപ്പായതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി.
പുറത്തുനിന്ന് അധിക വൈദ്യുതി എത്തിക്കാൻ കഴിഞ്ഞതിനാൽ ഇന്നലെ നിയന്ത്രണം ഒഴിവാക്കിയിരുന്നു. അതേസമയം, വർധിച്ച വൈദ്യുതി ഉപയോഗം കണക്കിലെടുത്ത് വേനൽക്കാലം ഉൾപ്പെടെയുള്ള വരും മാസങ്ങളിലേക്ക് കൂടുതൽ വൈദ്യുതി വാങ്ങാനുള്ള ശ്രമങ്ങൾ സർക്കാർ ശക്തമാക്കിയിട്ടുണ്ട്.
പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഉയർന്ന നിലയിലാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്.







Comments