
കൊച്ചി: തര്ക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തില് ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു. പിറവം കക്കാട് സ്വദേശി അരുണ് പ്രകാശ് (31) ആണ് മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയും അരുണ്പ്രകാശിന്റെ കൂട്ടുകാരനുമായ ജിഷ്ണുവിനും മറ്റു രണ്ടുപേര്ക്കുമെതിരേ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്.
ജിഷ്ണു, ചന്ദനു, സല്ബറിന്, എന്നിവര്ക്കെതിരെ പിറവം പൊലീസാണ് കേസെടുത്തത്. ശരീരത്തില് 70 ശതമാനത്തിലേറെ പൊള്ളലേറ്റ അരുണ് കോട്ടയം മെഡിക്കല് കോളേജില് തീവ്ര പരിചരണ വിഭാഗത്തില് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കൈകയ്ക്ക് പൊള്ളലേറ്റ ജിഷ്ണുവും കോട്ടയം മെഡിക്കല് കോളേജില് ചികിത്സയില് കഴിയുകയാണ്.
വ്യാഴാഴ്ച പുലര്ച്ചെ 12.15നും 1.30നും ഇടയില് പിറവം സ്നേഹഭവന് റോഡിലെ കൊച്ചുപള്ളി ഗ്രൗണ്ടിനു സമീപമാണ് സംഭവമുണ്ടായത്. മറ്റ് സുഹൃത്തുക്കളോട് സംസാരിച്ചുനില്ക്കുകയായിരുന്ന അരുണിനെ ജിഷ്ണു ഫോണില് വിളിച്ചു വരുത്തുകയായിരുന്നു. തുടര്ന്നുണ്ടായ വാക്കുതര്ക്കത്തിനിടെ കൈയില് കരുതിയിരുന്ന പ്ലാസ്റ്റിക് കുപ്പിയിലെ പെട്രോള് ജിഷ്ണു അരുണിന്റെ ശരീരത്തിലേക്ക് ഒഴിക്കുകയും ലൈറ്റര് ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു.
ഗള്ഫില്നിന്ന് അടുത്തിടെ എത്തിയ ജിഷ്ണു സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്നതിനിടെ അരുണ് തുടര്ച്ചയായി ഫോണില് വിളിച്ചിരുന്നു. ഫോണ് എടുക്കാതിരുന്നതിനെത്തുടര്ന്ന് അരുണ് വീണ്ടും വിളിച്ചപ്പോള് ജിഷ്ണുവിന്റെ രണ്ടാനമ്മയാണ് ഫോണ് എടുത്തത്. എന്നാല് ജിഷ്ണുവാണെന്ന് തെറ്റിദ്ധരിച്ച് അരുണ് ഫോണിലൂടെ തെറിവിളിച്ചു.
സ്കൂട്ടറില് ഒഴിക്കാനാണെന്ന വ്യാജേനയാണ് പെട്രോള് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. നാലു പേരും അരുണുമായി വാക്കേറ്റം നടത്തുന്നതിനിടെ ജിഷ്ണു കയ്യില് കരുതിയിരുന്ന പ്ലാസ്റ്റിക് കുപ്പി തുറന്ന്, 'നീ എന്റെ വീട്ടിലുള്ളവരെ ഫോണ് വിളിച്ച് തെറി പറയുമോടാ, നിന്നെ ഞാന് ഇന്ന് കത്തിക്കുമെടാ' എന്ന് അസഭ്യം ചേര്ത്ത് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആറില് പറയുന്നു.
അതിനുശേഷം കുപ്പിയിലുണ്ടായിരുന്ന പെട്രോള് അരുണിന്റെ ശരീരത്തേക്ക് ഒഴിച്ചപ്പോള് മറ്റു മൂന്നു പേരും ' അവനെ കത്തിച്ചു കൊല്ലെടാ, അവനെ വച്ചേക്കരുത്' എന്നു പറഞ്ഞെന്നും എഫ്ഐആറില് പറയുന്നു. ഇതിനു പിന്നാലെ ജിഷ്ണു ലൈറ്റര് കത്തിച്ച് അരുണിന്റെ ശരീരത്തിലേക്ക് ഇടുകയായിരുന്നു. ഇതിനിടെയാണ് ജിഷ്ണുവിന്റെ കൈയ്ക്കും പൊള്ളലേറ്റത്.
പ്രതികള് മുന്പും ലഹരി ഉപയോഗം ഉള്പ്പെടെയുള്ള കുറ്റകൃത്യങ്ങളില് പങ്കാളികളായിരുന്നു. ഗള്ഫില്നിന്നെത്തിയ സുഹൃത്ത് ഫോണ് എടുക്കാതിരുന്നതിനെ ചൊല്ലിയുണ്ടായ തര്ക്കത്തിനൊടുവിലായിരുന്നു അരുണിനു പൊള്ളലേറ്റത്. അരുണും പ്രതികളും മുന്പും ലഹരിമരുന്ന് ഉപയോഗം ഉള്പ്പെടെയുള്ള കുറ്റകൃത്യങ്ങളില് പങ്കാളികളായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതികളില് ഒരാള് കാപ്പ നിയമപ്രകാരം കരുതല് തടങ്കലില് കഴിഞ്ഞിട്ടുള്ള സ്ഥിരം കുറ്റവാളിയാണ്.







Comments