
തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസം ഇല്ലാതിരുന്ന പവര്കട്ട് ഇന്ന് ഉണ്ടായേക്കും. വൈദ്യുതിപ്രതിസന്ധി വീണ്ടും വന്നിരിക്കുന്ന സാഹചര്യത്തില് ഇന്ന് നിയന്ത്രണം വേണ്ടിവന്നേക്കുമെന്നാണ് കെ.എസ്.ഇ.ബി. വ്യക്തമാക്കുന്നത്.
900 മെഗാവാട്ടിന്റെ കുറവ് പ്രതീക്ഷിക്കുന്നതിനാല് രാത്രികാല നിയന്ത്രണം വേണ്ടിവരുമെന്നാണ് അറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളില് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളില് വൈദ്യുതി ഉപഭോഗം കുറഞ്ഞതും പവര് എക്സ്ചേഞ്ച് വഴി ലഭ്യത കൂടിയതുമാണ് ആശ്വാസമായത്. കഴിഞ്ഞ ദിവസത്തെ രാത്രികാല വൈദ്യുതി ആവശ്യകത 5348 മെഗാവാട്ട് ആയിരുന്നു. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 99.39 ദശലക്ഷം യൂണിറ്റായിരുന്നു.
ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്ന്ന വൈദ്യുതി ഉപയോഗമാണ്. രാത്രിയില് പവര് എക്സ്ചേഞ്ചില് നിന്ന് വൈദ്യുതി ലഭിച്ചാല് നിയന്ത്രണം ഒഴിവാക്കാന് കഴിഞ്ഞേക്കുമെന്നും വിലയിരുത്തല്. തമിഴ്നാട്ടിലും കര്ണാടകയിലും വൈദ്യുതി ഉപയോഗം കുറഞ്ഞത് കേരളത്തിന് അനുഗ്രഹമായി. ഗ്രിഡ് ഫ്രീക്വന്സിയില് കാര്യമായ കുറവും അനുഭവപ്പെട്ടില്ല.
വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന് ഇതര സംസ്ഥാനങ്ങളില് നിന്ന് വൈദ്യുതി എത്തിക്കാന് ഊര്ജിത ശ്രമം കെഎസ്ഇബി തുടരുകയാണ്. കൂടുതല് സ്ഥാപനങ്ങളുമായി കരാര് ഒപ്പിടുന്നതും കെഎസ്ഇബി ആലോചിക്കുന്നുണ്ട്. ഉയര്ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കേണ്ടെന്ന നിലപാടിലാണ് സര്ക്കാര്.







Comments