
ബോളിവുഡിന്റെ ക്യൂട്ട് പവര് കപ്പിള്സാണ് ദീപിക പദുകോണും രണ്വീര് സിംഗും. ഇവരുടെ ഓണ്സ്ക്രീന് പ്രണയം കണ്ട് ഓഫ് സ്ക്രീനിലും ഒരുമിച്ചിരുന്നെങ്കിലെന്ന് ആരാധകര് ഏറെ ആഗ്രഹിച്ചിട്ടുണ്ട്. ഓണ്സ്ക്രീന് കെമിസ്ട്രിക്ക് ശേഷം ഇവര്ക്കിടയിലുണ്ടായ പ്രണയവും ഡേറ്റിംഗും വിവാഹവുമെല്ലാം ആരാധകര് ആഘോഷമാക്കിയതാണ്. കുഞ്ഞുങ്ങളെ ഏറെയിഷ്ടപ്പെടുന്ന രണ്വീറിന്റെയും ദീപികയുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്മണിയായി ദുവ എത്തിയപ്പോഴും ആരാധകരത് ഏറെ സ്നേഹത്തോടെ ആഘോഷിച്ചു. കുറച്ചു നാളുകള്ക്ക് മുമ്പാണ് രണ്വീറും ദീപികയും തങ്ങള് രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുവെന്ന സന്തോഷം ആരാധകരെ അറിയിച്ചത്.
ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലേക്ക് രണ്ടാമത്തെ കണ്മണിയെ വരവേറ്റുവെന്ന സന്തോഷം പങ്കിടുകയാണ് താരദമ്പതിമാര്. സോഷ്യൽ മീഡിയയിലൂടെയാണ് തങ്ങൾക്ക് രണ്ടാമതും ഒരു പെൺകുഞ്ഞ് പിറന്ന വിവരം ഇരുവരും ആരാധകരുമായി പങ്കുവെച്ചത്.
‘‘വെല്കം ബേബി ഗേള്...’’ എന്നതിനൊപ്പം ഒരു ചെറിയ കുഞ്ഞിന്റെ പാദമുദ്ര പതിച്ച ആ ചിത്രത്തിന് താഴെയായി രൺവീർ, ദീപിക, ദുവ എന്നീ പേരുകളും 19/9/2026 എന്ന തീയതിയും രേഖപ്പെടുത്തിയ വെല്കം കാര്ഡ് പങ്കിട്ടാണ് ഒരു സംയുക്ത ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ദീപിക തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന്റെ വരവ് അറിയിച്ചിരിക്കുന്നത്. പോസ്റ്റിനു താഴെ ആരാധകരും സഹപ്രവര്ത്തകരും സ്നേഹവും ആശംസയും പങ്കിട്ട് കമന്റുകള് കുറിക്കുന്നുണ്ട്. കുഞ്ഞ് ജനിക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ഇവരുടെ ചിത്രങ്ങളും വാർത്തകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇരുവരുടെയും മകൾ ദുവ കൈയ്യിൽ പോസിറ്റീവ് പ്രെഗ്നൻസി ടെസ്റ്റ് കിറ്റുമായി നിൽക്കുന്ന ചിത്രം പങ്കിട്ടായിരുന്നു ഇരുവരും രണ്ടാമത്തെ കുഞ്ഞ് വരാനൊരുങ്ങുവെന്ന വാര്ത്ത ആരാധകരുമായി പങ്കിട്ടത്. ‘രണ്ട് ഈവിൾ ഐ’ ഇമോജികള്ക്കൊപ്പമായിരുന്നു ഇവരുടെ സംയുക്ത പോസ്റ്റ്.
ആരാധകർ സ്നേഹത്തോടെ ‘ദീപ് വീര്’ എന്നു വിളിക്കുന്ന താരദമ്പതിമാര് 2012-ൽ സഞ്ജയ് ലീല ബൻസാലിയുടെ ഗോലിയോൻ കി രാസലീല രാം-ലീല എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് പ്രണയത്തിലായത്. ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2018 നവംബറിൽ ഇറ്റലിയിലെ ലേക്ക് കോമോയിൽ വെച്ച് ഇരുവരും വിവാഹിതരായി. 2024 സെപ്റ്റംബർ 8ന് ഇവർക്ക് ആദ്യത്തെ മകൾ ദുവ പദുകോൺ സിംഗ് ജനിച്ചു. 2026 ഏപ്രിലിലാണ് തങ്ങൾ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് താരദമ്പതിമാര് അറിയിച്ചത്. ബാജിറാവോ മസ്താനി, പത്മാവത്, 83 തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.







Comments