
ടെൽഫോർഡ്: ഇംഗ്ലണ്ടിലെ ടെൽഫോർഡിൽ വെച്ച് സിഖ് വിഭാഗത്തിൽപ്പെട്ട ഒരു ബസ് ഡ്രൈവർക്ക് ക്രൂരമർദ്ദനമേൽക്കുകയും അദ്ദേഹത്തിന്റെ ബസ് തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് പ്രതി തെറ്റായ ദിശയിൽ ബസ് ഓടിക്കുകയും നിരവധി വാഹനങ്ങളിൽ ഇടിപ്പിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. 33 കാരനായ യെമൻ പൗരനാണ് ഈ കൃത്യം നടത്തിയത്.
സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകുന്നേരം 6:30 ഓടെ മഡ്ലിയിലെ കോർട്ട് സ്ട്രീറ്റിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. യെമൻ പൗരനായ അലി ബൽഹാദ് സിഖ് ഡ്രൈവറുടെ താടിയിൽ പിടിച്ചു വലിക്കുകയും തുടർന്ന് അദ്ദേഹത്തിന്റെ തല സ്വന്തം തലയിലിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
"നിങ്ങൾ എന്തിനാണ് അദ്ദേഹത്തെ ഇങ്ങനെ ഉപദ്രവിക്കുന്നത്?" എന്ന് പശ്ചാത്തലത്തിൽ ഒരു സ്ത്രീ ചോദിക്കുന്നത് കേൾക്കാം. "ദയവായി പോലീസ് വിളിക്കാമോ?" എന്ന് സംഭവത്തിന്റെ വീഡിയോ പകർത്തുന്ന സ്ത്രീയോട് ഡ്രൈവർ അഭ്യർത്ഥിക്കുന്നുണ്ട്. "ഈ മനുഷ്യനെ എന്നിൽ നിന്ന് മാറ്റി നിർത്തു" എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. തുടർന്ന് പ്രതി ബസിന് കേടുപാടുകൾ വരുത്താൻ ആരംഭിച്ചു. "നീ എന്താണ് ഈ കാണിക്കുന്നത്?" എന്ന് ഒരു സ്ത്രീ ചോദിക്കുന്നുണ്ട്. തുടർന്ന് യമനി ഡ്രൈവിംഗ് ക്യാബിനിൽ നിന്ന് ഒരു ലൈറ്റ് പോലെയുള്ള വസ്തു പുറത്തെടുത്ത് സിഖ് ഡ്രൈവറെ അടിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തുന്നു. ബസ് തനിക്ക് കൈമാറാൻ അയാൾ ഡ്രൈവറോട് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.
ഒരു മിനിറ്റിലധികം ഈ അതിക്രമം തുടർന്നു. ഒടുവിൽ പ്രതിയായ ബൽഹാദ് ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ട ശേഷം സ്റ്റിയറിംഗ് പിടിച്ചെടുത്തു. തുടർന്ന് പാർക്ക് വേയിലൂടെ ഹൈസ്ട്രീറ്റിലേക്ക് റോഡിന്റെ തെറ്റായ വശത്തുകൂടി ബസ് ഓടിച്ച പ്രതി, നിരവധി വാഹനങ്ങളിലിടിച്ചു. സംഭവം കണ്ട് ആളുകൾ മാറിനിൽക്കാൻ ഉറക്കെ ആവശ്യപ്പെടുന്ന ഒരു സ്ത്രീയുടെ കരച്ചിലും വീഡിയോയിൽ കേൾക്കാം. ബസിന് പിന്നാലെ ഓടിക്കൊണ്ടാണ് അവർ വീഡിയോ പകർത്തുന്നതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
വൈകുന്നേരം 6:37 ഓടെ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. വാഹനം തടയുകയും, കൊള്ളയടിക്കൽ, അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.







Comments