
തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വെള്ളി മെഡൽ നേടി ചരിത്രം കുറിച്ച മലയാളി താരം വിദർശ കെ. വിനോദിനെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. കേരളത്തിനും രാജ്യത്തിനും അഭിമാനകരമായ നേട്ടമാണ് വിദർശ സ്വന്തമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരമെന്ന നേട്ടമാണ് വിദർശ സ്വന്തമാക്കിയത്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വിദർശ ഉൾപ്പെട്ട മൂന്നംഗ ഇന്ത്യൻ സംഘമാണ് വെള്ളി മെഡൽ നേടിയത്.
കന്നി ഏഷ്യൻ ഗെയിംസിൽ തന്നെ ചരിത്രനേട്ടം കൈവരിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് വിദർശ പറഞ്ഞു. കുടുംബത്തിന്റെയും പരിശീലകരുടെയും പിന്തുണയാണ് നേട്ടത്തിന് പിന്നിലെന്നും താരം വ്യക്തമാക്കി. വരാനിരിക്കുന്ന 50 മീറ്റർ റൈഫിൾ ഇനത്തിലും വിദർശ മത്സരിക്കുന്നുണ്ട്. ഇന്നത്തെ മെഡൽ അടുത്ത മത്സരത്തിന് വലിയ ആത്മവിശ്വാസം നൽകുമെന്നും താരം പറഞ്ഞു.
2018-ൽ എൻ.സി.സി വഴിയാണ് വിദർശ ഷൂട്ടിംഗ് രംഗത്തേക്ക് എത്തിയത്. 2019 മുതൽ ഷൂട്ടിംഗ് പ്രൊഫഷനായി സ്വീകരിച്ചു. നിലവിൽ പ്രധാനമായും ഡൽഹി കേന്ദ്രീകരിച്ചാണ് പരിശീലനം നടത്തുന്നത്.
കേരളത്തിൽ തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ പരിശീലനം നടത്താനുള്ള സൗകര്യമുണ്ടെന്നും എല്ലാ ജില്ലകളിലും അസോസിയേഷനുകൾ വഴി മെമ്പർഷിപ്പ് എടുത്ത് പരിശീലിക്കാമെന്നും കായികപ്രേമികൾക്കായി വിദർശ അറിയിച്ചു.







Comments