
കന്യാകുമാരി: തിര്പ്പറപ്പിന് സമീപം കോതയാറിൽ ഏഴ് മാസത്തിലേറെയായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ 300 കിലോയോളം ഭാരമുള്ള ഭീമൻ മുതല ഒടുവിൽ വനംവകുപ്പിന്റെ വലയിൽ. ഇന്ന് രാവിലെയാണ് നിലക്കൽ ആറ്റുപാതത്തിന് സമീപം സ്ഥാപിച്ചിരുന്ന വലയിൽ മുതല കുടുങ്ങിയത്. വിവരം അറിഞ്ഞതോടെ മുതലയെ കാണാൻ വൻ ജനക്കൂട്ടവും സ്ഥലത്തെത്തി.
ഏഴ് മാസം മുൻപാണ് കോതയാറ്റിൽ മുതലയുടെ സാന്നിധ്യം ആദ്യമായി പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ദൃശ്യങ്ങൾ പകർത്തിയതിനെ തുടർന്ന് മുതലയെ പിടികൂടാൻ വനംവകുപ്പ് വിവിധ നടപടികൾ ആരംഭിച്ചു. ചെന്നൈയിൽ നിന്നുള്ള പ്രത്യേക സംഘത്തെയും ഇതിനായി എത്തിച്ചിരുന്നു. കോഴിയെയും ആടിനെയും ഇരയാക്കി കെണിയൊരുക്കിയെങ്കിലും മുതല പിടിയിലാകാതെ രക്ഷപ്പെട്ടു.
തുടർന്ന് പ്രത്യേക സംഘം പ്രദേശത്ത് പരിശോധന ശക്തമാക്കി. മുതല സഞ്ചരിക്കുന്നതായി കണ്ടെത്തിയ ഭാഗങ്ങളിൽ വലകളും സ്ഥാപിച്ചു. ഒടുവിൽ വലയിൽ കുടുങ്ങിയ മുതലയെ കൂടുതൽ വലകൾ ഉപയോഗിച്ച് വനംവകുപ്പ് ജീവനക്കാർ സുരക്ഷിതമായി കരയിലെത്തിച്ചു. പിന്നീട് സീറോ പോയിന്റിലെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി. മാസങ്ങൾ നീണ്ട ആശങ്കയ്ക്ക് വിരാമമായതോടെ പ്രദേശവാസികൾക്കും ആശ്വാസമായി.







Comments