
തിരുവനന്തപുരം: സംസ്ഥാനത്തെ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വലിപ്പത്തിൽ മാറ്റം. 14.2 കിലോഗ്രാമിന് പകരം ഇനി 10 കിലോഗ്രാം ശേഷിയുള്ള കോംപസിറ്റ് ഗ്യാസ് സിലിണ്ടറാണ് ലഭിക്കുക. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കേന്ദ്രം വരുത്തിയ പരിഷ്കരണങ്ങളുടെ ഭാഗമായാണ് മാറ്റം.
സിലിണ്ടറിന്റെ വലിപ്പത്തിനൊപ്പം വിലയിലും മാറ്റമുണ്ട്. 10 കിലോഗ്രാം സിലിണ്ടറിന്റെ പുതിയ കണക്ഷനും റഗുലേറ്ററും ഉൾപ്പെടെ ലഭിക്കാൻ 5000 രൂപ വരെ നൽകണം. കണക്ഷൻ സറണ്ടർ ചെയ്താലും ഈ തുക തിരികെ ലഭിക്കില്ല. നേരത്തെ ഗാർഹിക സിലിണ്ടറിന്റെ പുതിയ കണക്ഷന് 4000 രൂപയായിരുന്നു നിരക്ക്.
പുതിയ സിലിണ്ടർ നിറയ്ക്കാൻ 1500 രൂപയിലേറെ ചെലവാകും. നിലവിൽ കേരളത്തിൽ സബ്സിഡി സിലിണ്ടർ നിറയ്ക്കാൻ 960 രൂപ വരെയാണ് നിരക്ക്. പഴയ കണക്ഷനുമായി താരതമ്യം ചെയ്യുമ്പോൾ സിലിണ്ടറിന് ഇരട്ടിയിലേറെ വിലവർധനയാണുള്ളത്.
അതേസമയം, പഴയ ഗാർഹിക സിലിണ്ടർ കണക്ഷനുകൾക്ക് നിലവിലെ വ്യവസ്ഥ പ്രകാരം സിലിണ്ടർ നിറച്ചുനൽകുന്നത് തുടരും. നിലവിൽ സബ്സിഡി ലഭിക്കുന്ന ഉപയോക്താക്കൾക്ക് അത് തുടരാനും അനുമതിയുണ്ട്. എന്നാൽ കണക്ഷൻ മാറ്റിയാൽ ഈ ഇളവ് നഷ്ടപ്പെടും.
സിലിണ്ടറിന്റെ വലിപ്പം കുറഞ്ഞതോടെ പുതിയ ഉപയോക്താക്കൾക്ക് ഒരു വർഷം കൂടുതൽ സിലിണ്ടറുകൾ ആവശ്യമായി വരുന്ന സാഹചര്യവുമുണ്ട്.







Comments