
സുരേന്ദ്രനഗർ: ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിൽ നിന്ന് മതപരമായ ശുദ്ധീകരണത്തിന്റെ പേരിൽ ക്രൂരമായ മർദ്ദനവും അനധികൃത തടങ്കലും കൂട്ടമാനഭംഗവും നടന്നതായി പ്രാദേശിക പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തി.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് ദാരുണമായ സംഭവം പുറത്തറിയുന്നതും പോലീസ് അന്വേഷണം ആരംഭിക്കുന്നതും.
ഒരു കൂട്ടം ആളുകൾ ചുറ്റും കൂടി പരിഹസിക്കുന്നതിനിടയിൽ, യുവതിയെ നിയമവിരുദ്ധമായി തടഞ്ഞുവെക്കുന്നതും ഉപദ്രവിക്കുന്നതും ക്രൂരമായി ശാരീരികമായി പീഡിപ്പിക്കുന്നതും കാണിക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചതോടെയാണ് പോലീസ് നടപടി തുടങ്ങിയത്.
യുവതി ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു പുരുഷനൊപ്പം താമസിക്കാൻ പോയിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. ഇതിൽ പ്രകോപിതരായ ഭർത്താവും നിരവധി ബന്ധുക്കളും ചേർന്ന് പൂട്ടിട്ട് ചങ്ങല ഉപയോഗിച്ച് വീടിനുള്ളിൽ യുവതിയെ അനധികൃതമായി തടങ്കലിൽ വച്ചു. അവിടെ നിന്ന് യുവതി രക്ഷപ്പെട്ടെങ്കിലും പ്രതികൾ പിന്തുടർന്ന് പിടിച്ച് മരത്തിൽ കയറുകൊണ്ട് കൂട്ടിക്കെട്ടി.
മറ്റൊരാളുമായി ബന്ധമുണ്ടെന്നതിന്റെ പേരിൽ ശുദ്ധീകരണ ചടങ്ങ് നടത്തുന്നു എന്ന വ്യാജേന, യുവതിക്കൊപ്പം താമസിച്ചിരുന്ന വ്യക്തിയെ ഉൾപ്പെടുത്തി പ്രതികൾ അവരെ ക്രൂരമായ കൂട്ടമാനഭംഗത്തിനിരയാക്കുകയും, ഇതിന്റെ മുഴുവൻ ദൃശ്യങ്ങളും ക്യാമറയിൽ പകർത്തുതയും ചെയ്തു. മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് ദൃശ്യങ്ങൾ പിന്നീട് ഓൺലൈനിൽ പോസ്റ്റ് ചെയ്തത്.
ഇരയായ യുവതി ആദ്യം സ്റ്റേഷനിൽ പരാതി നൽകാൻ തയ്യാറാകാതിരുന്നതിനാൽ, നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്വമേധയാ നടപടി സ്വീകരിച്ചതെന്ന് പോലീസ് സൂപ്രണ്ട് പ്രേംസുഖ് ദെലു സ്ഥിരീകരിച്ചു. പ്രചരിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഉദ്യോഗസ്ഥർ അതിജീവിതയെ കണ്ടെത്തുകയും, ഔദ്യോഗിക മൊഴി രേഖപ്പെടുത്തുകയും, സുരക്ഷ ഉറപ്പാക്കുകയും ചെയ്തു.
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ഐടി ആക്ടിലെ ചില വകുപ്പുകളും ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ആകെ ഒമ്പത് പേർ പിടിയിലായിട്ടുണ്ട്. കുറ്റകൃത്യത്തിന് ഒത്താശ ചെയ്തതിന് അറസ്റ്റിലായവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതികളുടെ കുറ്റകൃത്യ പശ്ചാത്തലത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.







Comments