
ന്യൂഡൽഹി: ഡൽഹി പൊലീസ് തങ്ങളുടെ ഫോൺ ക്ലോൺ ചെയ്തിരിക്കാമെന്ന ഭയത്തിൽ സിജെപി നേതൃത്വം. കസ്റ്റഡിയിൽ നിന്ന് മോചിതരായ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് 'കോക്രോച്ച് ജനത പാർട്ടി' പ്രവർത്തകരായ അശുതോഷ് റാങ്കയും സൗരവ് ദാസും പൊലീസിനെതിരെ ആരോപണമുന്നയിച്ചത്.
സർക്കാർ തങ്ങളുടെ ഫോൺ "ക്ലോൺ ചെയ്യുകയും ഹാക്ക് ചെയ്യുകയും" ചെയ്തതായി ആരോപിച്ച സൗരവ് ദാസ്, പിന്നീട് സംഘടനയ്ക്കെതിരെ ഉപയോഗിക്കാൻ പൊലീസ് വ്യാജ തെളിവുകൾ ഫോണിൽ തിരുകിക്കയറ്റിയേക്കുമെന്നും സംശയം പ്രകടിപ്പിച്ചു. സീഷർ മെമ്മോ (പിടിച്ചെടുത്തതിന്റെ രേഖ) നൽകാതെയാണ് തങ്ങളുടെ ഫോൺ തട്ടിയടുത്തതെന്ന് ദാസ് പറഞ്ഞു.
"ഞങ്ങളുടെ ഫോണുകൾ ഹാക്ക് ചെയ്യപ്പെടുകയോ ക്ലോൺ ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് ഞങ്ങൾ സംശയിക്കുന്നു. വർഷങ്ങളായി മറ്റ് ആക്റ്റീവിസ്റ്റുകൾക്ക് സംഭവിച്ചതുപോലെ, പിന്നീട് തെളിവുകളായി ഹാജരാക്കാൻ രേഖകളോ മറ്റ് സാമഗ്രികളോ ഞങ്ങളുടെ ഉപകരണങ്ങളിൽ കടത്തിവിട്ടിട്ടുണ്ടാകാമെന്ന് ഞങ്ങൾ ഭയപ്പെടുന്നു... ഞങ്ങളുടെ ഫോണുകൾ സുരക്ഷിതമല്ലെന്ന് ഞങ്ങൾ ഇവിടെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു," ദാസ് പറഞ്ഞു.
50,000 രൂപയുടെ ജാമ്യ ബോണ്ടിൽ ഡൽഹി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി വിട്ടയച്ചതിന് മണിക്കൂറുകൾക്ക് ശേഷം ന്യൂഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പൊലീസിനെതിരെ ക്ലോണിംഗ് സംശയം ആരോപിച്ചത്. വാർത്താസമ്മേളനത്തിനിടെ, സർക്കാർ "രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്ന്" ഇരുവരും ആരോപിച്ചു. 1975-ൽ അവസാനമായി കണ്ടതിന് സമാനമായ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യമാണ് സർക്കാർ രാജ്യത്ത് സൃഷ്ടിക്കുന്നതെന്ന് ദാസ് കുറ്റപ്പെടുത്തി. സർക്കാർ മാധ്യമങ്ങളോടും ജനങ്ങളോടും യുദ്ധം ചെയ്യുകയാണോ എന്ന ചോദ്യവും സിജെപി നേതാക്കൾ ഉയർത്തി.
ഡൽഹി പോലീസ് വിമാനത്തിനുള്ളിൽ ബലമായി കയറി ഞങ്ങളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് ഔദ്യോഗികമായി കസ്റ്റഡിയിലെടുത്തതിന്റെ നോട്ടീസ് നൽകിയില്ല; ഫോണുകൾ പിടിച്ചെടുത്തു, അഭിഭാഷകനെ ബന്ധപ്പെടാൻ അനുവദിച്ചില്ലെന്ന് സൗരവ് ദാസ് പറഞ്ഞു.
ഒരു വർഷത്തേക്ക് സമാധാനലംഘനം നടത്തരുത്' എന്ന നിബന്ധനയിലാണ് സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ മോചിപ്പിക്കാൻ ഡൽഹി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി ഞായറാഴ്ച ഉത്തരവിട്ടത്.







Comments