
കൊച്ചി: സിഎംആര്എല്-എക്സാലോജിക് കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മുന്നിലും പിണറായിയുടെ ഹർജിക്ക് അനുകൂലമായി സർക്കാർ നിലപാട്. ഇഡി നല്കിയ തെളിവുകള് കേസെടുക്കാന് പര്യാപ്തമല്ലെന്നും പ്രാഥമിക അന്വേഷണം ആവശ്യമായിരുന്നുവെന്നും സര്ക്കാര് കോടതിയെ അറിയിച്ചു. കെ എം ഷാജഹാന് വിശ്വാസ്യത ഇല്ലാത്ത ഹര്ജിക്കാരനാണെന്നും കോടതിയലക്ഷ്യ നടപടികൾ നേരിടുന്ന ആളാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
സിംഗിള് ബെഞ്ച് ഉത്തരവിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് സര്ക്കാരിനോട് കോടതി ചോദിച്ചു. പ്രാഥമിക അന്വേഷണം നടത്തണമെന്ന നിലപാടാണുള്ളത് എന്ന് സര്ക്കാര് വ്യക്തമാക്കി. എന്തിനാണ് എഫ്ഐആര് രജിസ്റ്റര് ചെയ്തതെന്ന ചോദ്യത്തിന്, പ്രാഥമിക അന്വേഷണം നടത്തുന്നതില് തെറ്റില്ലെന്ന് ലളിത കുമാരി കേസില് പറഞ്ഞിട്ടുണ്ട് എന്ന് എജി ചൂണ്ടിക്കാട്ടി. സിംഗിള് ബെഞ്ച് വിധി സര്ക്കാരിന് എതിരെന്ന് ചൂണ്ടിക്കാട്ടിയ കോടതി, എന്തുകൊണ്ടാണ് അപ്പീല് നല്കാതെ ഇരുന്നത് എന്ന് സര്ക്കാരിനോട് ചോദിച്ചു.
കോടതി ഉത്തരവ് ഇല്ലെങ്കിലും സിഎംആര്എല് – എക്സാലോജിക് സാമ്പത്തിക ഇടപാടില് വിജിലന്സിന് കേസെടുക്കാമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. ഗുരുതര കുറ്റമെങ്കില് എഫ്ഐആര് രജിസ്റ്റര് ചെയ്യാമെന്നും സിംഗിള് ബെഞ്ച് ഉത്തരവിനെ എതിര്ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്. കേസെടുക്കാന് മതിയായ തെളിവുകള് ഇല്ലായിരുന്നു. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവ് ഇട്ടതെന്നും സർക്കാർ കോടതിയില് പറഞ്ഞു. അതായത്, പിണറായിയുടെ വാദമുഖങ്ങൾ തന്നെയായിരുന്നു കോടതിയിലെ സർക്കാർ നിലപാട്. അതേസമയം, പിണറായി അടക്കമുള്ള പ്രതികളുടെ ഹർജിയെ ഇഡി കോടതിയില് എതിർത്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതികൾക്ക് എങ്ങനെ അപ്പീൽ നൽകാൻ കഴിയുമെന്നായിരുന്നു ഇഡി ചോദിച്ചത്.







Comments