ആലപ്പുഴ: ദേശീയപാത 66-ന്റെ വികസനപ്രവൃത്തികള്ക്കിടെ ആലപ്പുഴ ജില്ലയില് പലയിടത്തും അപകടസാധ്യത തുടരുന്നു. റോഡരികിലെ മണ്ണുകൂനകള്, നിര്മാണാവശിഷ്ടങ്ങള്, അശാസ്ത്രീയ ഗതാഗതക്രമീകരണങ്ങള്, സര്വീസ് റോഡുകളിലെ പ്രശ്നങ്ങള്, മുന്നറിയിപ്പ് ബോര്ഡുകളുടെ അപര്യാപ്തത എന്നിവ യാത്രക്കാര്ക്ക് ഭീഷണിയാകുകയാണ്.
അപകടങ്ങള് ആവര്ത്തിച്ചിട്ടും സുരക്ഷാ ക്രമീ കരണങ്ങള് കാര്യക്ഷമമാക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ദേശീയപാതയില് മാരാരിക്കുളം കളിത്തട്ടിന് സമീപം കഴിഞ്ഞ ദിവസം സ്വകാര്യ ട്രാവലിങ് കമ്പനിയുടെ സ്ലീപ്പര് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിക്കുകയും 13 പേര്ക്ക് പരുക്കേല്ക്കുകയും ചെയ്തതും പ്രതിഷേധത്തിന് ആക്കം വര്ധിപ്പിച്ചു.
പന്തളം മാന്തുക എമിനന്സ് വില്ലേജ് നുമി മന്സിലില് സജീവിന്റെ മകന് ആദില് സജീവ് (25) ആണ് മരിച്ചത്.
ബസ് ദേശീയപാതയില് നിന്ന് സര്വീസ് റോഡിലേക്ക് മറിയുകയായിരുന്നു. ദേശീയപാതയും സര്വീസ് റോഡും തമ്മില് രണ്ടടിയോളം ഉയരവ്യത്യാസമുള്ള ഭാഗത്താണ് അപകടം ഉണ്ടായത്.
കലവൂര് ഫ്ളൈഓവറിന് സമീപം റോഡില് കൂട്ടിയിട്ടിരുന്ന മണ്ണില് കാര് ഇടിച്ച് മറിഞ്ഞ സംഭവം നേരത്തെ ഉണ്ടായിരുന്നു. മുന്നറിയിപ്പ് ബോര്ഡുകള് മറയ്ക്കുന്ന വിധത്തില് മണ്ണുകൂനകള് സ്ഥാപിച്ചതും മതിയായ വെളിച്ചമില്ലാത്തതും അപകടസാധ്യത വര്ധിപ്പിക്കുന്നതായി പരാതികളുണ്ട്.
പലഭാഗത്തും അനധികൃത പാര്ക്കിങ്ങും ഗതാഗതതടസവും പ്രശ്നങ്ങള് സൃഷ്ടിക്കുന്നുണ്ട്. ദേശീയപാത നിര്മാണമേഖലകളില് പലയിടത്തും ഗതാഗതം വഴിതിരിച്ചുവിടുമ്പോള് ആവശ്യമായ ദൂരത്തില് മുന്നറിയിപ്പ് നല്കാത്തതും ബാരിക്കേഡുകളില് പ്രതിഫലകങ്ങള് സ്ഥാപിക്കാത്തതും രാത്രികാല യാത്രയ്ക്ക് ഭീഷണിയാകുന്നു. റോഡിലേക്കു തള്ളിനില്ക്കുന്ന തടസങ്ങളും ചിതറിക്കിടക്കുന്ന നിര്മാണസാമഗ്രികളും ഇരുചക്രവാഹന യാത്രക്കാരെയാണ് കൂടുതല് ബുദ്ധിമുട്ടിലാക്കുന്നത്.
ചേര്ത്തല-അരൂര് മേഖലയില് നിര്മാണപ്രവൃത്തികള്ക്കിടെ സര്വീസ് റോഡുകളുടെ മോശം അവസ്ഥയും ഇടുങ്ങിയ പാതകളിലൂടെയുള്ള ഗതാഗതവും യാത്രാദുരിതം വര്ധിപ്പിക്കുന്നുണ്ട്. ചില ഭാഗങ്ങളില് ഒറ്റവരിയിലേക്ക് ചുരുങ്ങുന്ന ഗതാഗതപാതകളും ബസ് സ്റ്റോപ്പുകളിലെ തിരക്കും വാഹനയാത്രയെ പ്രതികൂലമായി ബാധിക്കുന്നു. ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങള് പരിശോധിക്കാന് നടത്തിയ പരിശോധനകളിലും നിര്മാണമേഖലകളിലെ വിവിധ വീഴ്ചകള് കണ്ടെത്തിയിരുന്നു. അപാകങ്ങള് പരിഹരിക്കാന് കരാര് കമ്പനികള്ക്കും ബന്ധപ്പെട്ടവര്ക്കും നിര്ദേശം നല്കിയിരുന്നെങ്കിലും ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ല. അപകടം സംഭവിച്ചശേഷമുള്ള നടപടികളല്ല, അപകടം ഒഴിവാക്കാനുള്ള മുന്കരുതലുകളാണ് വേണ്ടതെന്ന ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്. അപകടസാധ്യതയുള്ള ഭാഗങ്ങളില് മണ്ണും നിര്മാണാവശിഷ്ടങ്ങളും നീക്കുക, വ്യക്തമായ മുന്നറിയിപ്പ് ബോര്ഡുകളും പ്രതിഫലകങ്ങളും സ്ഥാപിക്കുക, മതിയായ തെരുവുവിളക്കുകള് ഉറപ്പാക്കുക, സര്വീസ് റോഡുകള് സുരക്ഷിതമാക്കുക, അനധികൃത പാര്ക്കിങ് നിയന്ത്രിക്കുക തുടങ്ങിയ നടപടികള് അടിയന്തരമായി സ്വീകരിക്കണ മെന്നാണ് ആവശ്യം.
ദേശീയപാത അതോറിറ്റിയും കരാര് കമ്പനികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇടപെട്ടില്ലെങ്കില് നിര്മാണം പൂര്ത്തിയാകാത്ത പാതകള് യാത്രക്കാര്ക്ക് തുടര്ന്നും അപകടക്കെണികളായി മാറിയേക്കും.




Comments