തൊടുപുഴ: പരിസ്ഥിതി ലോല മേഖലാ വിഷയത്തില് സംസ്ഥാനത്തെ മാറിമാറി ഭരിച്ച സര്ക്കാരുകള് ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ബി.ജെ.പി കേരളം സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ് ജോര്ജ്, ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി വര്ഗീസ്, ഇടുക്കി നോര്ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീവിദ്യ രാജേഷ് എന്നിവര് പറഞ്ഞു. ജനവാസ മേഖലകളെയും കൃഷിഭൂമികളെയും കൃത്യമായി രേഖപ്പെടുത്തി കേന്ദ്ര സര്ക്കാരിന് റിപ്പോര്ട്ട് സമര്പ്പിക്കുന്നതിന് പകരം ഹര്ത്താലും പ്രമേയങ്ങളുമായി ജനങ്ങളെ കബളിപ്പിക്കാനാണ് സി.പി.എമ്മും കോണ്ഗ്രസും ശ്രമിക്കുന്നത്.
കസ്തൂരിരംഗന് റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് പരിസ്ഥിതി ലോല മേഖലകളുമായി ബന്ധപ്പെട്ട് മന്മോഹന് സിംഗ് സര്ക്കാരിന്റെ കാലത്ത് പുറപ്പെടു വിച്ച വിജ്ഞാപനമാണ് ഇപ്പോഴും ഈ വിഷയത്തില് ചര്ച്ചയാകുന്നത്. അന്തിമ വിജ്ഞാപനത്തിനായി കാത്തിരിക്കുമ്പോഴും, കേരളത്തിലെ ജനങ്ങളുടെ ആശങ്കകള് പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതില് സംസ്ഥാന സര്ക്കാരുകള് പരാജയപ്പെട്ടിരിക്കുകയാണ്. പരിസ്ഥിതി ലോല മേഖലകളുടെ പരിധിയില് ഉള്പ്പെട്ടി രുന്ന 123 വില്ലേജുകളുടെ എണ്ണം 98 ആക്കി കുറയ്ക്കണമെന്നാണ് സംസ്ഥാന സര്ക്കാര് ആവശ്യപ്പെടുന്നതെങ്കിലും കഴിഞ്ഞ പതിമൂന്ന് വര്ഷക്കാലമായി ഈ ആവശ്യത്തെ സാധൂകരിക്കുന്ന കൃത്യമായ ഔദ്യോഗിക രേഖകള് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമര്പ്പിക്കാന് കഴിഞ്ഞിട്ടില്ല. പിണറായി വിജയന് സര്ക്കാരും നിലവിലെ സര്ക്കാരും ഇക്കാര്യത്തില് ഉത്തരവാദിത്തം നിറവേറ്റിയിട്ടില്ല.
ഉമ്മന്ചാണ്ടി സര്ക്കാരിന്റെ കാലത്ത് ഈ വിഷയവുമായി ബന്ധപ്പെട്ട് തയാറാക്കിയ ഉമ്മന് വി. ഉമ്മന് കമ്മിറ്റി റിപ്പോര്ട്ടും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരിഗണനയ്ക്ക് പര്യാപ്തമല്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.
വനഭൂമിയുടെ വിസ്തൃതി, കൃഷിഭൂമി, റവന്യൂ ഭൂമി, ജനവാസ മേഖലകള് എന്നിവയുടെ കൃത്യമായ കണക്കുകള് ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തില് കേന്ദ്ര സര്ക്കാരിന് സമര്പ്പിക്കുന്നതില് മാറിമാറി വന്ന സംസ്ഥാന സര്ക്കാരുകള് പരാജയപ്പെട്ടു. സംസ്ഥാന സര്ക്കാര് ചെയ്യേണ്ടത് ഹര്ത്താല് നടത്തുകയോ നിയമസഭയില് പ്രമേയം പാസാക്കുകയോ മാത്രമല്ല. കൃത്യമായ ഡിജിറ്റല് സര്വേ പൂര്ത്തിയാക്കി വനഭൂമിയും റവന്യൂ ഭൂമിയും കൃഷിഭൂമിയും ജനവാസ മേഖലകളും വ്യക്തമായി വേര്തിരിച്ച് രേഖപ്പെടുത്തുകയും, ശാസ്ത്രീയവും വസ്തുതാപരവുമായ റിപ്പോര്ട്ട് കേന്ദ്ര സര്ക്കാരിന് സമര്പ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്.
കഴിഞ്ഞ പതിനാലു വര്ഷമായി ഈ വിഷയത്തില് ജനങ്ങള്ക്ക് ആശ്വാസം നല്കുന്ന നിലപാട് സ്വീകരിച്ചത് നരേന്ദ്ര മോദി സര്ക്കാരാണ്. കോണ്ഗ്രസ് സര്ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ജനവിരുദ്ധമായ വ്യവസ്ഥകള് ജനങ്ങള്ക്ക് കൂടുതല് ദുരിതമുണ്ടാക്കുന്ന അന്തിമ വിജ്ഞാപനമായി മാറാതിരിക്കാന് കേന്ദ്ര സര്ക്കാര് സ്വീകരിച്ച നടപടികള് നിര്ണായകമാണ്. കര്ഷകരോടും മലയോര ജനതയോടുമുള്ള പ്രതിബദ്ധതയുടെ അടിസ്ഥാനത്തില് ബി.ജെ.പി ഈ വിഷയത്തില് തുടര്ന്നും ഇടപെടും. ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമികളെയും മറ്റ് പ്രദേശങ്ങളെയും കൃത്യമായി രേഖപ്പെടുത്തി കേന്ദ്ര സര്ക്കാരിന് റിപ്പോര്ട്ട് സമര്പ്പിക്കണമെന്നും അവര് സംസ്ഥാന സര്ക്കാരിനോട് ആവശ്യപ്പെട്ടു.




Comments