
നെടുങ്കണ്ടം: 23-ാമത് ഇടുക്കി റവന്യൂ ജില്ലാ സ്കൂള് കായികമേളയില് സ്കൂള് തലത്തില് എന്.ആര്.സിറ്റി സ്കൂളിന് കിരീടം.
ഹയര്സെക്കന്ഡറി ഇംപ്രൂവ്മെന്റ് പരീക്ഷ നടന്ന സാഹചര്യത്തില് മത്സരത്തില് പങ്കെടുക്കാതിരുന്ന ആളുകള്ക്കായി ഇന്ന് അവസരം നല്കിയതിനാല് മേള ഒരുദിവസം കൂടി നീണ്ടു. സ്കൂളുകളില് ഇരട്ടയാര് സ്കൂളിനെ ബഹുദൂരം പിന്നിലാക്കി 141 പോയിന്റുമായി എന്.ആര്.സിറ്റി എസ്.എന്.വി.എച്ച്.എസാണ് കായിക കിരീടം ചൂടിയത്.
19 സ്വര്ണവും 13 വെള്ളിയും എട്ട് വെങ്കലവുമാണ് ഇവര് നേടിയത്. 74 പോയിന്റുമായി ഇരട്ടയാര് സെന്റ് തോമസ് എച്ച്.എസ്.എസാണ് രണ്ടാം സ്ഥാനത്ത് എത്തിയത് 10 സ്വര്ണവും ആറ് വെള്ളിയും, ആറ് വെങ്കലവുമാണ് ഇവര് നേടിയത്. 48 പോയിന്റുമായി കരിമണ്ണൂര് സെന്റ് ജോസഫ് എച്ച്.എസ്.എസാണ് മൂന്നാം സ്ഥാനത്ത് എത്തിയത്.
ഇവര് മൂന്ന് സ്വര്ണവും, ഒമ്പത് വെള്ളിയും, ആറ് വെങ്കലവും നേടി. 44 പോയിന്റുമായി പെരുവന്താനം സെന്റ് ജോസഫ് എച്ച്.എസ്.എസ് നാലാം സ്ഥാനവും നേടി. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനാല് ഉപജില്ല തല വിജയികളെ പ്രഖ്യാപിച്ചിട്ടില്ല.
ഇന്ന് നടക്കുന്ന ആറിനങ്ങളിലെ മത്സരത്തിനുശേഷം ഉപജില്ലാ തല വിജയികള്ക്കുള്ള സമ്മാനങ്ങള് അഡ്വ. സേനാപതി വേണു എം.എല്.എ വിതരണം ചെയ്യും. മേള ഏകദേശം പര്യവസാനി ച്ചപ്പോള് ഒന്നാം സ്ഥാനത്തിനായിട്ടുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തില് അടിമാലി ഉപജില്ല ആധിപത്യം തുടരുകയാണ്. 279 പോയിന്റുമായിട്ടാണ് അടിമാലി വിദ്യാഭ്യാസ ഉപജില്ലയുടെ മുന്നേറ്റം. 30 സ്വര്ണവും 26 വെള്ളിയും 20 വെങ്കലവും നേടിയാണ് അടിമാലിയുടെ കുതിപ്പ്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കട്ടപ്പന ഉപജില്ലയാണ് നിലവില് രണ്ടാം സ്ഥാനത്ത്. ഇവര്ക്ക് 32 സ്വര്ണവും 22 വെള്ളിയും 19 വെങ്കലവുമായി 276 പോയിന്റുകളാണുള്ളത്. 110 പോയിന്റുമായി തൊടുപുഴ ഉപജില്ല മൂന്നാം സ്ഥാനത്താണ്. ഇവര്ക്ക് എട്ട് സ്വര്ണവും, 17 വെള്ളിയും 14 വെങ്കലവുമുണ്ട്. പീരുമേട് 84, നെടുങ്കണ്ടം 66, അറക്കുളം 41, മൂന്നാര് ഒമ്പത് എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില. ഇന്നലെ പ്രഖ്യാപിച്ച വിജയികള്ക്കുള്ള സമ്മാനദാനം നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല് നിര്വ്വഹിച്ചു.



Comments