തൊടുപുഴ: റോഡ് നിര്മാണത്തിനിടെ പിക്കപ്പ് ജീപ്പിടിച്ച് സ്കൂട്ടര് യാത്രക്കാരിയായ ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടര് മരിച്ച സംഭവത്തെത്തുടര്ന്ന് വെങ്ങല്ലൂര് മങ്ങാട്ടുകവല നാലുവരി പാതയില് ഗതാഗതം നിരോധിച്ചു. റോഡ് അറ്റകുറ്റപ്പണി പൂര്ത്തിയാക്കുന്നതിനായി അഞ്ച് ദിവസത്തേയ്ക്ക് പാത പൂര്ണമായും അടച്ചിടുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര് അറിയിച്ചു.
ബുധനാഴ്ച വൈകിട്ട് 4.30-ഓടെയുണ്ടായ അപകടത്തില് വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടറും മടക്കത്താനം വെട്ടുകല്ലുംപുറത്ത് താമസക്കാരിയുമായ ജൂബിന കെ. റഹീം (35) ആണ് മരിച്ചത്. റോഡ് അറ്റകുറ്റപ്പണിക്കിടെ മതിയായ സുരക്ഷാ ക്രമീകരണങ്ങള് ഒരുക്കിയില്ലെന്ന ആക്ഷേപം ശക്തമാണ്.
അപകടത്തെത്തുടര്ന്ന് റോഡിലെ നിര്മാണപ്രവൃത്തികള് പൊതുമരാമത്ത് വകുപ്പ് നിര്ത്തിവച്ചിരുന്നു. അശാസ്ത്രീയമായ രീതിയിലാണ് നിര്മാണം നടത്തിയതെന്ന ആരോപണവും ഉയര്ന്നിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും ടാര് പൊളിച്ചുമാറ്റി മണലും മെറ്റലും നിരത്തിയശേഷം ഇരുവശങ്ങളിലൂടെയും വാഹനങ്ങള് കടത്തിവിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് ആക്ഷേപം. നിര്മാണം സുരക്ഷിതമായി പൂര്ത്തിയാക്കുന്നതിനായി റോഡ് പൂര്ണമായും അടച്ചിടണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് അസിസ്റ്റന്റ് എന്ജിനീയര് തൊടുപുഴ ഡിവൈ.എസ്.പി., സി.ഐ., എസ്.ഐ. എന്നിവര്ക്ക് കത്ത് നല്കിയിട്ടുണ്ട്.




Comments