മലപ്പുറം: മോട്ടോര് വാഹന വകുപ്പിലെ സേവനങ്ങള് തടസ്സമില്ലാതെ ലഭ്യമാക്കി സംസ്ഥാനത്തെ സെക്കന്ഡ് ഹാന്ഡ് വാഹന വിപണിയെ തകര്ച്ചയില് നിന്ന് രക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിള് ഡീലേഴ്സ് ആന്റ് ബ്രോക്കേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല് സെക്രട്ടറി അംബു രാജാക്കാട്, ജില്ലാ ജനറല് സെക്രട്ടറി ആര്.ടി.സി. മജീദ് സംയുക്ത പ്രസ്താവനയില് ആവശ്യപ്പെട്ടു.
മോട്ടോര് വാഹന വകുപ്പിലും പരിവാഹന് ഓണ്ലൈന് സംവിധാനത്തിലും കഴിഞ്ഞ നാല് മാസമായി തുടരുന്ന വിവിധ പ്രതിസന്ധികള്ക്കു പുറമെയാണ് ആര്.സി. വിവരങ്ങളിലെ പിഴവുകള് പുതിയ തലവേദനയായി മാറിയിരിക്കുന്നത്. ആര്.സി. വിവരങ്ങളിലെ പിഴവുകള് മൂലം വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാന് സാധിക്കാതെ വാഹന ഉടമകളും സെക്കന്ഡ് ഹാന്ഡ് വാഹന വ്യാപാരികളും പ്രയാസം നേരിടുകയാണ്. വാഹനങ്ങള് രജിസ്റ്റര് ചെയ്ത സമയത്ത് മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥര് വിവരങ്ങള് തെറ്റായി രേഖപ്പെടുത്തിയതാണ് ഇപ്പോള് ഉടമസ്ഥാവകാശ കൈമാറ്റത്തിന് തടസ്സമാകുന്നത്.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുടെ ദുരിതം അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരായ വാഹന ഉടമകളാണെന്ന് പ്രസ്താവനയില് പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം തെറ്റുകള്ക്ക് മോഡിഫിക്കേഷന് എന്ന പേരില് ഭീമമായ പിഴ ഈടാക്കുന്നതായും പ്രസ്താവനയില് പറഞ്ഞു. ആക്ഷേപവും ശക്തമാണ്.
വാഹനങ്ങളുടെ രജിസ്ട്രേഷന് സമയത്ത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുകള്ക്ക് സാധാരണക്കാരും വ്യാപാരികളും ശിക്ഷിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. ആര്.സി. രേഖകളിലെ തെറ്റുകള് അടിയന്തരമായി തിരുത്തുന്നതിനും ഉടമസ്ഥാവകാശ കൈമാറ്റം ഉള്പ്പെടെയുള്ള സേവനങ്ങള് തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും മോട്ടോര് വാഹന വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അവര് ആവശ്യപ്പെട്ടു.




Comments