
ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു റഹ്മാന്. തമിഴ്,മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ നായക-ഉപനായക വേഷങ്ങൾ ചെയ്ത താരം എൺപതുകളിലും തൊണ്ണൂരുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു. കൗമാരപ്രായക്കാരുടെ മനം കവര്ന്ന ‘ചോക്ലേറ്റ് ഹീറോ’ കൂടിയായിരുന്നു റഹ്മാന്. സിനിമകളില് റഹ്മാനൊപ്പമെത്തുന്ന നായികമാരുമായെല്ലാം പ്രത്യേകമായൊരു കെമിസ്ട്രി സൃഷ്ടിക്കാന് താരത്തിനു കഴിഞ്ഞിട്ടുണ്ട്. അക്കൂട്ടത്തില് മുന്പന്തിയിലായിരുന്നു നാദിയ മൊയ്തു.
ഫാസിൽ സംവിധാനം ചെയ്ത ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയിലൂടെ നാദിയ മൊയ്തു മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അതേകാലഘട്ടത്തിലായിരുന്നു റഹ്മാനും യുവനായകനായി വളർന്നത്. ഇരുവരും പിന്നീട് നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവരുടെ കോമ്പോ അക്കാലത്ത് ഒരു തരംഗമായിരുന്നു.
ഇപ്പോഴിതാ നാദിയ മൊയ്തുവിനൊപ്പമുള്ള ചിത്രം പങ്കിട്ട് വീണ്ടും ഒരു സിനിമയില് ഒരുമിക്കാനൊരുങ്ങുവെന്ന് കുറിക്കുകയാണ് റഹ്മാന്. സിനിമയെക്കുറിച്ചുള്ള വിവരങ്ങള് വെളിപ്പെടുത്തുന്നില്ലെന്നും സമയം വരുമ്പോള് അറിയിക്കാം എന്നുമാണ് റഹ്മാന് കുറിച്ചത്.
‘‘സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. സമയം വരുമ്പോൾ അറിയിക്കാം.
എങ്കിലും, ഇത്രയും വർഷങ്ങൾക്ക് ശേഷം നാദിയയ്ക്കൊപ്പം സ്ക്രീന് പങ്കിടാന് കഴിഞ്ഞത് വളരെ നല്ലൊരു അനുഭവമായിരുന്നു. അവൾ ഇപ്പോഴും അതിസുന്ദരിയാണ്...അതുപോലെ, ആദില് ഹുസൈനൊപ്പം പ്രവർത്തിക്കാനായതും വലിയ സന്തോഷം നൽകി. ഞങ്ങളിരുവരും തമ്മിൽ വളരെ പെട്ടെന്ന് തന്നെ നല്ലൊരു ഒത്തിണക്കം ഉണ്ടായി....’’ എന്നാണ് നാദിയയ്ക്കും ആദിലിനുമൊപ്പമുള്ള ചിത്രം പങ്കിട്ട് റഹ്മാന് കുറിച്ചിരിക്കുന്നത്. പഴയ കോമ്പോയെ വീണ്ടും സ്ക്രീനില് കാണാന് കഴിയുന്നതിന്റെ സന്തോഷം പല ആരാധകരും കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.







Comments