
മലയാളത്തില് കരിയര് ആരംഭിച്ച് ഇന്ത്യൻ സിനിമയിൽ ഭാഷാവ്യത്യാസമില്ലാതെ തന്റേതായ മേല്വിലാസം നേടിയ സംവിധായകനാണ് പ്രിയദര്ശന്. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറില് മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലും ഹിറ്റ് ചിത്രങ്ങള് നല്കിയ സംവിധായകന് തന്റെ കര്മ്മ മേഖലയില് ഇപ്പോഴും സജീവമാണ്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും വൈവിധ്യപൂര്ണമായ സിനിമകളിലാണ് എന്നും പ്രിയന് പ്രേക്ഷകര്ക്ക് സമ്മാനിച്ചത്.
മോഹന്ലാല്- പ്രിയദര്ശന് കൂട്ടുകെട്ടിലിറങ്ങിയ പല സിനിമകളും ബ്ലോക്ക്ബസ്റ്റര് വിജയം നേടിയിട്ടുണ്ട്. അക്കൂട്ടത്തില് ഇന്നും റിപ്പീറ്റ് വാല്യൂവുള്ള ഒരു ചിത്രമാണ് ‘ചന്ദ്രലേഖ’. മോഹന്ലാല്, ശ്രീനിവാസന്, സുകന്യ പൂജാബത്ര തുടങ്ങിയവര് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ചന്ദ്രലേഖ.
ഇപ്പോഴിതാ ഈ സിനിമ കോപ്പിയല്ലെന്നും വൈല് യു വെര് സ്ലീപിംഗ് എന്ന ചിത്രത്തിലെ ഒരു സീനിൽ നിന്നാണ് താൻ ചന്ദ്രലേഖയിലേക്ക് എത്തിയതെന്നും പറയുകയാണ് പ്രിയദര്ശന്. ചോദ്യോത്തരവേളയിലാണ് പ്രിയദര്ശന് ഈ സിനിമയെക്കുറിച്ച് മനസ്സു തുറന്നത്.
‘വൈല് യു വെര് സ്ലീപിംഗ്’ എന്ന സാന്ദ്ര ബുള്ളോക്കിന്റെ ചിത്രത്തില് നിന്ന് ‘ചന്ദ്രലേഖ' എന്ന മലയാളത്തിലെ കൾട്ട് ക്ലാസിക് കോമഡി മൂവിയാക്കിയത്? അതെങ്ങനെ ബ്ലെൻഡ് ആക്കി’ എന്നായിരുന്നു പ്രിയദര്ശനോടുള്ള ചോദ്യം.
‘‘ബേസിക്കലി നമ്മൾ പലരും പറയും, അത് ആ സിനിമയിൽ നിന്ന് കോപ്പിയടിച്ചതാണ്, ഈ സിനിമയിൽ നിന്ന് കോപ്പിയടിച്ചതാണ് എന്ന്. ചില സിറ്റുവേഷൻ നമ്മളെ ഇൻസ്പയർ ചെയ്യും, അതാണ് സത്യം. ഒരു സിറ്റുവേഷൻ മാത്രമാണ് അതില് നിന്ന് എടുക്കുന്നത്. ‘വൈല് യു വെര് സ്ലീപിംഗ്’ എന്നുള്ള സിനിമയിൽ റെയിൽവേ സ്റ്റേഷനിൽ എല്ലാ ദിവസവും ടിക്കറ്റ് എടുക്കുന്ന ഒരു പെൺകുട്ടി, ദിവസവും ടിക്കറ്റ് എടുക്കാൻ വരുന്ന ഒരാളെ റെയിൽവേ ട്രാക്കിൽ വീഴുന്നത് കണ്ട്, ആശുപത്രിയിൽ എടുത്തിട്ട് പോവുകയും, ആ പെൺകുട്ടിയുടെ കുടുംബം, ആ പയ്യന്റെ കുടുംബം ഈ പെൺകുട്ടി അയാളുടെ കാമുകനാണെന്ന് തെറ്റിദ്ധരിക്കുന്നതുമാണ് കഥ.
ഞാനത് റിവേഴ്സ് ചെയ്തു. പിന്നെ അതിൽ നിന്നും ഇല്ലാത്ത ഒരുപാട് ക്യാരക്ടേഴ്സ് ഈ സിനിമയിലെത്തി. ഒരു തോട്ടിനെ ഇട്ടിട്ട് അതിന്റെ ചുറ്റും മറ്റു രണ്ടു മൂന്ന് ട്രാക്കുകൾ ഇട്ട് കുരുക്കുക. ഇത് ‘പൂച്ചൊക്കൊരു മൂക്കുത്തി’ എന്ന സിനിമ മുതല് ഞാൻ തുടങ്ങിയ പരിപാടിയാണ്. ഇത് എപ്പോഴും സക്സസ്ഫുൾ ആവൂല. വെട്ടത്തിലും ചന്ദ്രലേഖയിലും പൂച്ചെക്കൊരു മൂക്കുത്തിയിലും മാത്രമേ അത് സക്സസ്ഫുൾ ആയിട്ടുള്ളൂ. ഏറ്റവും കൂടുതൽ ഞാൻ ഒരു സിനിമ ചെയ്യുന്ന സമയത്ത് ആലോചിക്കുന്നത്, ഈ സിനിമ എങ്ങനെ ആളുകൾക്ക് രസമായിട്ട് കാണിക്കാം എന്നാണ്. നാഷണൽ അവാർഡ് വാങ്ങിക്കാൻ വേണ്ടി ചെയ്യുന്ന സിനിമയൊന്നുമല്ലല്ലോ, പ്രൊഡ്യൂസറിന് കാശുണ്ടാക്കാനും ആളുകൾ കണ്ട് രസിക്കാനും വേണ്ടി സിനിമ ചെയ്യുമ്പോൾ അത് തിയേറ്ററിൽ ഉണ്ടാകുന്ന ഇമ്പാക്ടിനെ കുറിച്ച് മാത്രമേ ഞാൻ ആലോചിക്കാറുള്ളൂ, മറ്റൊന്നും ഞാൻ ചിന്തിക്കാറില്ല...’’ എന്നാണ് പ്രിയദര്ശന് പറഞ്ഞത്. ഒരു പ്രമുഖ മാധ്യമത്തിന്റെ ലിറ്ററേച്ചര് ഫെസ്റ്റിവലില് സംസാരിച്ചപ്പോഴാണ് പ്രിയദര്ശന് ഇത് പറഞ്ഞത്.
പ്രിയന് സിനിമകള് കോപ്പിയാണെന്ന വിമര്ശനങ്ങള് വരുമ്പോഴും ആക്ഷന്, കോമഡി, സെന്റിമെന്സ്, സീര്യസ്, പീര്യഡ്, ത്രില്ലര്...എല്ലാ ജനുസിലുമുളള പ്രിയന് സിനിമകളുടെ എണ്ണം നൂറിലെത്തി നില്ക്കുകയാണ്. ഇനി കരിയറിലെ നൂറാം സിനിമയുടെ അണിയറയിലേക്ക് കടക്കുകയാണ് പ്രിയദര്ശന്. ആദ്യ സിനിമയിലെ നായകന് മോഹന്ലാല് തന്നെ നൂറാം സിനിമയിലും നായകനാകുമെന്ന് നേരത്തെ പ്രിയദര്ശന് അനൗണ്സ് ചെയ്തിരുന്നു. അതുകൊണ്ടു തന്നെ നൂറാം ചിത്രം മലയാളത്തിലാണ് പ്രിയദര്ശന് ഒരുക്കുന്നത്. വീണ്ടുമൊരു പ്രിയന്- മോഹന്ലാല് മാജിക്കിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്.







Comments