
ധാക്ക: ബംഗ്ലാദേശ് ലിബറേഷൻ വാർ അഫയേഴ്സ് സഹമന്ത്രി ഇഷ്റഖ് ഹൊസൈൻ, ഒരു കയ്യിൽ മെഗാഫോണും മറുകയ്യിൽ പിസ്റ്റളുമായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഒരു വീഡിയോ ക്ലിപ്പ് പുറത്തുവിട്ടു. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയിലെ (ബിഎൻപി) അംഗമാണ് ഇഷ്റഖ് ഹൊസൈൻ.
ബംഗ്ലാദേശ് തലസ്ഥാനത്തെ ചേരി പ്രദേശത്തുള്ള സംശയാസ്പദമായ ഒരു ലഹരിവിൽപ്പന കേന്ദ്രത്തിൽ, യൂണിഫോം ധരിക്കാത്ത ചില സഹായികൾക്കൊപ്പം ജൂനിയർ മന്ത്രി പിസ്റ്റളുമായി റെയ്ഡ് നടത്തിയത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. "ഇഷ്റഖിന്റെ നടപടി: ലഹരി കേന്ദ്രങ്ങൾ തകർത്ത് കച്ചവടക്കാരെ പോലീസിന് കൈമാറി" എന്ന അടിക്കുപ്പത്തോടുകൂടിയാണ് ഹൊസൈൻ ഈ വീഡിയോ വൈകുന്നേരത്തോടെ അപ്ലോഡ് ചെയ്തത്. എന്നാൽ ഒരു മന്ത്രിക്ക് ഇത്തരം പ്രവൃത്തികൾ ചേർന്നതാണോ എന്ന ചോദ്യമുയർത്തി സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് ഈ ക്ലിപ്പ് പിന്നീട് ഡിലീറ്റ് ചെയ്തു.
ഒരു കയ്യിൽ മൈക്കും മറുകയ്യിൽ പിസ്റ്റളുമായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ഒരു കൂട്ടം ആളുകളെ ഓടിക്കുന്ന വീഡിയോ ഇഷ്റഖ് ഹൊസൈൻ തന്നെയാണ് സോഷ്യൽ മീഡിയഅക്കൗണ്ടിൽ പങ്കുവെച്ചത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സഹായികളിൽ ഒരാളുടെ കൈയിലും കൈത്തോക്ക് ഉണ്ടായിരുന്നു.
മന്ത്രിയുടെ സഹായികൾ കസ്റ്റഡിയിലെടുത്തവരിൽ ചിലർ തങ്ങൾ നിരപരാധികളാണെന്ന് അവകാശപ്പെട്ടു. "പോലീസ് വരട്ടെ, എന്നിട്ട് സംസാരിക്കാം," എന്ന് ഹൊസൈൻ അവരോട് പറയുന്നത് വീഡിയോയിൽ കേൾക്കാം. പോലീസിനെ മുൻകൂട്ടി അറിയിക്കാതെയാണ് മന്ത്രി റെയ്ഡ് നടത്തിയതെന്നും, ആറോ ഏഴോ പേരെ കസ്റ്റഡിയിലെടുത്ത് കൈമാറിയെന്നും ഗന്ധരിയ പോലീസ് അറിയിച്ചു.







Comments