
ആലപ്പുഴ: ആലപ്പുഴ–കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്–നേരേകടവ് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ അതൃപ്തിയുമായി ജി. സുധാകരൻ. 2017-ൽ പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത് ജി. സുധാകരനായിരുന്നു. എന്നാൽ ഉദ്ഘാടനച്ചടങ്ങിന്റെ നോട്ടീസിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. 2016-ൽ ആരംഭിച്ച നിർമാണം സാങ്കേതിക തടസ്സങ്ങൾ കാരണം നീണ്ടുപോയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പാലത്തിന്റെ നിർമാണം പ്രതിസന്ധിയിലായ ഘട്ടങ്ങളിലും ജി. സുധാകരൻ ഇടപെടലുകൾ നടത്തിയിരുന്നു.
ആലപ്പുഴയെയും കോട്ടയത്തെയും ബന്ധിപ്പിക്കുന്ന പാലം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് നാടിന് സമർപ്പിക്കും. 98 കോടി രൂപ ചെലവിൽ പത്തുവർഷം കൊണ്ടാണ് 800 മീറ്റർ നീളവും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുമുള്ള പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. നിർദിഷ്ട തുറവൂർ–പമ്പ പാതയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായ പാലം ശബരിമല തീർഥാടകർക്കും പ്രയോജനപ്പെടും. മാക്കേക്കടവിൽ രാവിലെ ഒമ്പതിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ പി.കെ. ബഷീർ, എം. ലിജു, സ്ഥലം എംഎൽഎയും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ പങ്കെടുക്കും.







Comments