
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സംഭവിച്ച പാളിച്ചകള്‍ അടക്കം ഗുരുതരമായ പല വീഴ്ചകളും സംഭവിച്ചതായി സിപിഐഎം കണ്ണൂര്‍ ജില്ലാക്കമ്മറ്റിയില്‍ സ്വയം വിമര്‍ശനം. സിപിഐഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടുകള്‍ ചോരുമെന്ന് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്നും, കീഴ്ഘടക ങ്ങളില്‍ നടന്ന ചര്‍ച്ചകളെ ഗൗരവത്തോടെ സമീപിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സംഘടനയെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കുന്നതില്‍ പോരായ്മകളുണ്ടായി.തോല്‍വിക്ക് പ്രധാന കാരണം വിഭാഗീയതയായിരുന്നു. ഇത് കൃത്യസമയത്ത് കണ്ടെത്തി ഇല്ലാതാക്കുന്നതില്‍ വീഴ്ച പറ്റി. വരുംകാലങ്ങളില്‍ വിഭാഗീയത കര്‍ശനമായി അമര്‍ച്ച ചെയ്യാന്‍ ശക്തമായ നടപടികള്‍ വേണമെന്നും റിപ്പോ ര്‍ട്ടില്‍ ആവശ്യപ്പെടുന്നു. സാമ്പത്തീക ഇടപാടുമായി ബന്ധപ്പെട്ട് പയ്യന്നൂരില്‍ പാര്‍ട്ടി അംഗീകരിച്ച കണക്കുകള്‍ പലര്‍ക്കും തൃപ്തികരം അല്ലായിരുന്നു.
പാര്‍ട്ടിയുടെ കണക്കുകള്‍ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. കിഫ്ബിയെ അട്ടിമറിക്കാന്‍ യുഡിഎഫ് നടത്തുന്ന ശ്രമങ്ങളെ യോഗം ശക്തമായി അപലപിച്ചു. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ഉദ്ഘാടനം ചെയ്ത യോഗത്തില്‍, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, കെ.എന്‍. ബാലഗോപാല്‍, പുത്തലത്ത് ദിനേശന്, ജോണ്‍ ബ്രിട്ടാസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. ജയരാജന്, എം.വി. ജയരാജന് തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.







Comments