
തിരുവനന്തപുരം: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍മന്ത്രി മുഹമ്മദ് റിയാസിനെതിരെ അന്വേഷണവുമായി ഇ.ഡി. ദുബായിലേക്ക്. ഹവാല വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് നീക്കം. അനധികൃത സ്വത്ത് സമ്പാദനം, വിദേശ പണമിടപാട് എന്നീ കുറ്റങ്ങളാണ് മുഹമ്മദ് റിയാസിനെതിരേ ഇസിഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാസപ്പടിയില്‍ മുഹമ്മദ് റിയാസും വീണയും പ്രതികളായ രണ്ടാമത്തെ കേസാണ് ഇത്.
റിയാസിന്റെ 2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെയുള്ള ഒരു വര്‍ഷം കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇ.ഡി. ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ പണമിടപാടുകള്‍ നടന്ന വഴികള്‍ കണ്ടെത്താനാണ് നീക്കം. കൊച്ചിയിലെ പിഎംഎല്‍എ കോടതിയുടെ അനുമതി ലഭിച്ച ശേഷമാകും ഇ.ഡി. ദുബായിലേക്ക് അന്വേഷണം വ്യാപിപ്പിക്കുക. നേരത്തേ നടത്തിയ ചോദ്യം ചെയ്യലില്‍ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളില്‍ നിന്നും കിട്ടിയ മൊഴികളുടെ അടിസ്ഥാനത്തില്‍ പണം ആര്‍ക്ക് പോയി എങ്ങിനെപോയി തുടങ്ങി ഹവാലാപണം പോയ വഴികള്‍ കണ്ടെത്തുകയാണ് ഉന്നം.
അതിനിടയില്‍ സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് പിണറായി വിജയന്, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയുള്ള വ്യത്യസ്ത കേസുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഔദ്യോഗികമായി രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. വിജിലന്‍സ് ആസ്ഥാനത്തെ ഡിഐജി തോംസണ്‍ ജോസിനാണ് മൊത്തത്തിലുള്ള അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല.
പിണറായി വിജയനെതിരെയുള്ള കേസ് തിരുവനന്തപുരം സ്പെഷ്യല്‍ യൂണിറ്റ് എസ്പി ഇ.എന്‍. സുരേഷും, മുഹമ്മദ് റിയാസിനെ തിരെയുള്ള കേസ് കോഴിക്കോട് സ്പെഷ്യല്‍ സെല്‍ എസ്പി ബാലകൃഷ്ണനും അന്വേഷിക്കും. വ്യത്യസ്ത കാലഘട്ടങ്ങളിലായി നടന്ന സാമ്പത്തിക ഇടപാടുകളായതിനാല്‍, ഇഡി നല്കിയ ഔദ്യോഗിക കത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് രണ്ട് കേസുകളായാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.







Comments