
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുരുഷ സെലക്ഷൻ കമ്മിറ്റിയുടെ പുതിയ അധ്യക്ഷനായി മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജയെ നിയമിച്ചു. അജിത് അഗാർക്കറുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് നിയമനം. മുൻ ഇന്ത്യൻ സ്പിന്നർ രമേഷ് പവാറിനെയും സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ബിസിസിഐ തിങ്കളാഴ്ചയാണ് നിയമനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ടെസ്റ്റ് മത്സരങ്ങൾ കളിച്ചവരുടെ സീനിയോറിറ്റി അടിസ്ഥാനമാക്കിയാണ് പ്രഗ്യാൻ ഓജയെ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായി തെരഞ്ഞെടുത്തത്. പുതിയ കമ്മിറ്റിയിൽ പ്രഗ്യാൻ ഓജ അധ്യക്ഷനായിരിക്കുമ്പോൾ ശിവ് സുന്ദർ ദാസ്, ആർ.പി. സിങ്, അജയ് റത്ര, രമേഷ് പവാർ എന്നിവർ അംഗങ്ങളായിരിക്കും.
സെലക്ഷൻ കമ്മിറ്റിയിലെ ഒഴിവിലേക്ക് അംഗത്തെ കണ്ടെത്തുന്നതിനായി അശോക് മൽഹോത്രയും ജതിൻ പരാഞ്ജപെയും ഉൾപ്പെട്ട ക്രിക്കറ്റ് ഉപദേശക സമിതി അപേക്ഷകരെ വിലയിരുത്തുകയും അഭിമുഖം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രമേഷ് പവാറിനെ നിയമിക്കാൻ സമിതി ശുപാർശ ചെയ്തത്.
2023 ജൂലൈയിൽ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായ അജിത് അഗാർക്കറുടെ കാലയളവിലെ സംഭാവനകളെയും അർപ്പണബോധത്തെയും ബിസിസിഐ അഭിനന്ദിച്ചു.







Comments