
തൃശൂർ: മദ്യപിച്ചും ലഹരിവസ്തുക്കൾ ഉപയോഗിച്ചും വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇത്തരക്കാരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പിന്നീട് ലൈസൻസ് അനുവദിക്കാതിരിക്കാനുള്ള നടപടികൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടുദിവസമായി കേരളത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ പതിനായിരത്തിലേറെ പേർ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായതായി മന്ത്രി പറഞ്ഞു. ഇത് സംസ്ഥാനത്തെ ഗുരുതരമായ സാഹചര്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെയുണ്ടായ വാഹനാപകടങ്ങളിൽ മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗം കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉത്സവസീസൺ ആരംഭിക്കുന്ന സാഹചര്യത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്. പരിശോധനകളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മദ്യപിച്ചും ലഹരിവസ്തുക്കൾ ഉപയോഗിച്ചും വാഹനമോടിക്കുന്നത് അനുവദിക്കാനാകില്ലെന്നും മോട്ടോർ വാഹന നിയമപ്രകാരം ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.







Comments