
ഡൽഹി: ജന്തർ മന്തറിലെ മിന്നൽ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം നിഷേധിച്ചു. ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി.
ഡൽഹിയിലെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ പുതുതായി നിയമിതനായ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിലാണ് ഇരുവരെയും ഹാജരാക്കിയത്. ഒക്ടോബർ 13നാണ് ഇരുവരെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. തുടർന്നാണ് കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയത്.
ജന്തർ മന്തറിലേക്കുള്ള അടച്ചിട്ട ഗേറ്റ് ചാടിക്കടന്ന് ദേശീയ പതാക ഉയർത്തി മിന്നൽ പ്രതിഷേധം നടത്തിയതിനാണ് ഇരുവരും കസ്റ്റഡിയിലായത്. ജാമ്യനടപടികൾ മനഃപൂർവം വൈകിപ്പിച്ച് നേതാക്കളുടെ മോചനം തടയുകയാണെന്ന ആരോപണവും ഉയർന്നിരുന്നു.
ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുന്നത് വൈകുന്നതിനെ സിജെപി വക്താവ് രത്ന സിങ് ഉൾപ്പെടെയുള്ളവർ വിമർശിച്ചു. പ്രോസിക്യൂഷന് നിയമപരമായ വാദങ്ങൾ ഉന്നയിക്കാനായില്ലെന്നും അനുമാനങ്ങൾ മാത്രമാണ് മുന്നോട്ടുവച്ചതെന്നും രത്ന സിങ് ആരോപിച്ചു. ജുഡീഷ്യൽ കസ്റ്റഡി നീട്ടേണ്ട സാഹചര്യമില്ലെന്നും അവർ പ്രതികരിച്ചു.







Comments