
ന്യൂഡൽഹി: രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വിലയിൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ. മരുന്നുകളുടെ വ്യാപാര ലാഭവിഹിതം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേശീയ ഔഷധ വിലനിർണയ അതോറിറ്റിയായ എൻപിപിഎയാണ് നടപടി സ്വീകരിച്ചത്. പുതുക്കിയ വില നവംബർ 9 മുതൽ പ്രാബല്യത്തിൽ വരും.
മരുന്നുകളുടെ വിതരണത്തിലും വിൽപ്പനയിലുമുള്ള അമിത ലാഭവിഹിതം നിയന്ത്രിച്ച് കാൻസർ ചികിത്സാച്ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുത്ത 137 മരുന്നുകളുടെ വ്യാപാര ലാഭവിഹിതം പരമാവധി 30 ശതമാനമായി നിജപ്പെടുത്തി. എന്നാൽ എല്ലാ മരുന്നുകൾക്കും 70 ശതമാനം വിലക്കുറവ് ലഭിക്കണമെന്നില്ല. നിലവിലെ വിലയും വിതരണ ശൃംഖലയിലെ ലാഭവിഹിതവും അനുസരിച്ചായിരിക്കും യഥാർഥ വിലക്കുറവ്.
വിവിധ കാൻസറുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഇമ്മ്യൂണോതെറാപ്പി മരുന്നുകളും വിലനിയന്ത്രണത്തിന്റെ പരിധിയിൽ ഉൾപ്പെടും. സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഡെനോസുമാബ്, ന്യൂട്രോപീനിയ തടയാൻ ഉപയോഗിക്കുന്ന പെഗ്ഫിൽഗ്രാസ്റ്റിം എന്നിവയും പട്ടികയിലുണ്ട്. കോളൻ, അണ്ഡാശയം, ഗർഭാശയമുഖം എന്നിവയെ ബാധിക്കുന്ന കാൻസറുകളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ബെവാസിസുമാബ്, പെംബ്രോലിസുമാബ്, ഡുർവാലുമാബ്, ഒസിമെർട്ടിനിബ് തുടങ്ങിയ മരുന്നുകൾക്കും വിലനിയന്ത്രണം ബാധകമാണ്.
ബ്രാൻഡഡ്, ജനറിക് മരുന്നുകൾക്കൊപ്പം ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ മരുന്നുകളും പുതിയ തീരുമാനത്തിന്റെ പരിധിയിൽ വരും. പേറ്റന്റുള്ളതും പേറ്റന്റില്ലാത്തതുമായ മരുന്നുകളും ഇതിൽ ഉൾപ്പെടുന്നു.
പുതുക്കിയ വില ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഏഴ് ദിവസത്തിനകം എൻപിപിഎയെ അറിയിക്കാൻ മരുന്നുനിർമാതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പുതിയ വിലവിവരങ്ങൾ കമ്പനികളുടെ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കുകയും ആശുപത്രികൾക്കും ഫാർമസികൾക്കും കൈമാറുകയും വേണം. നവംബർ 9 മുതൽ പുതുക്കിയ വിലയ്ക്കായിരിക്കണം മരുന്നുകൾ വിൽക്കേണ്ടത്. ആശുപത്രികളും ഫാർമസികളും പുതിയ വിലവിവരപ്പട്ടികകൾ പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്.
മരുന്നുകളുടെ പുതുക്കിയ വില അറിയാൻ രോഗികൾക്ക് എൻപിപിഎയുടെ ഔദ്യോഗിക വെബ്സൈറ്റും 'ഫാർമ സഹി ദാം' (Pharma Sahi Daam) ആപ്പും ഉപയോഗിക്കാം. മരുന്നുകളുടെ ഉത്പാദനവും വിതരണവും തടസ്സമില്ലാതെ തുടരണമെന്നും കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കാൻസർ മരുന്നുകളുടെ വിതരണവിലയും രോഗികളിൽനിന്ന് ഈടാക്കുന്ന പരമാവധി ചില്ലറ വിൽപ്പനവിലയും തമ്മിലുള്ള വലിയ വ്യത്യാസത്തെക്കുറിച്ച് സുപ്രീംകോടതി നേരത്തേ ആശങ്ക അറിയിച്ചിരുന്നു. ചില മരുന്നുകളിൽ ഈ വ്യത്യാസം പത്തിരട്ടി വരെയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്രേഡ് മാർജിൻ റാഷണലൈസേഷൻ പദ്ധതിയുടെ പരിധി വിപുലീകരിക്കുന്നത്.
2019ൽ നടപ്പാക്കിയ ആദ്യഘട്ടത്തിൽ 42 കാൻസർ മരുന്നുകളുടെ വ്യാപാര ലാഭവിഹിതം 30 ശതമാനമായി പരിമിതപ്പെടുത്തിയിരുന്നു. തുടർന്ന് 526 ബ്രാൻഡുകളിലുള്ള കാൻസർ മരുന്നുകളുടെ പരമാവധി ചില്ലറ വിൽപ്പനവിലയിൽ 90 ശതമാനം വരെ കുറവുണ്ടായതായി സർക്കാർ അറിയിച്ചു. പുതിയ നടപടിയിലൂടെ കൂടുതൽ മരുന്നുകൾ താങ്ങാവുന്ന വിലയിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.







Comments