
ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസിന് പിന്നാലെ ബിഎസ്പിയെ കൂടി ഒപ്പം ചേര്‍ത്ത് ബീഹാര്‍ മോഡല്‍ മഹാസഖ്യം ആലോചിക്കുന്നു. പുറത്തു വന്ന രണ്ട് എക്സിറ്റ് പോളുകളിലും ബിജെപി 200 ല്‍ അധികം സീറ്റ് നേടുമെന്നും അതേസമയം ഭരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷത്തിനേക്കാള്‍ ഏതാനും സീറ്റുകള്‍ കുറവ് വരുമെന്നുമുള്ള സൂചനകള്‍ക്ക് പിന്നാലെയാണ് ഈ നീക്കം.
സാമുദായിക ഐക്യവും ക്ഷേമവും ഉറപ്പാക്കാന്‍ ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്താനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് - എസ്പി സഖ്യം മികച്ച ഭൂരിപക്ഷം നേടുമെന്ന് നേരത്തേ ആത്മവിശ്വാസം പ്രകടിപ്പിച്ച അഖിലേഷ്യാദവ് സംസ്ഥാനത്ത് റിമോട്ട് കണ്ട്രോള് ഭരണമോ പ്രസിഡന്റ് ഭരണമോ ഉണ്ടാകാതിരിക്കാന്‍ വേണ്ട കാര്യമെല്ലാം ചെയ്യുമെന്നാണ് ഇപ്പോള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. ബിഎസ്പിയുടെ പേരെടുത്തു പറഞ്ഞില്ലെങ്കിലും എസ്പി കോണ്‍ഗ്രസ് സഖ്യത്തിന് ഭരിക്കാന്‍ വേണ്ട സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ അന്നേരം വേറെ തന്ത്രം നോക്കുമെന്നും അഖിലേഷ് പറഞ്ഞിരുന്നു. സമൂഹത്തിലെ എല്ലാവര്ക്കും സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കാന്‍ മതേതര വാദികള്‍ക്ക് ഉത്തരവാദിത്വം ഉണ്ടെന്നും പറഞ്ഞു. മറുവശത്ത് തനിച്ച് ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷയിലാണ് മായാവതി.
ബിഎസ്പിയെ കൂടി കൂട്ടിയുള്ള മുന്നണിയാണ് സമാജ്വാദി പാര്‍ട്ടി ലക്ഷ്യമിടുന്നതെങ്കിലും 1995 ജൂണില്‍ മുലായം സിംഗ് യാദവിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ചില സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈവെച്ച സംഭവം മായാവതി മറന്നിരിക്കാനിടയില്ല. എന്നാല്‍ സമാജ്വാദി പാര്‍ട്ടിയില്‍ മുലായത്തിന്റെ കാലം കഴിഞ്ഞത് പുതിയ സമവാക്യമായി മാറിയേക്കാനും മതി.






