കൊല്ലം: ഉപാസന നേഴ്സിംഗ് കോളജിലെ വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍ന്നു. പെണ്‍കുട്ടികള്‍ വസ്ത്രം മാറുമ്പോള്‍ ഹോസ്റ്റല്‍ മുറിയുടെ കതക് അടയ്ക്കരുതെന്നത് ഉള്‍പ്പെടെയുള്ള വിചിത്ര നിയമങ്ങള്‍ക്കെതിരെയായിരുന്നു സമരം. വിചിത്ര നിയമങ്ങള്‍ നടപ്പിലാക്കുകയും അനാവശ്യ ഫൈനുകള്‍ ഈടാക്കുകയും ചെയ്യുന്ന പ്രിന്‍സിപ്പാള്‍ ജെസിക്കുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. പ്രിന്‍സിപ്പാള്‍ ജെസിക്കുട്ടിയെ സസ്പെന്‍ഡ് ചെയ്യണമെന്നത് അടക്കമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
വ്യാഴാഴ്ച നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സിറ്റി പോലീസ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്ദിന്റെ അധ്യഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സമരം ഒത്തുതീര്‍പ്പായത്. യോഗത്തില്‍ പ്രിന്‍സിപ്പാളിനെ സസ്പെന്‍ഡ് ചെയ്യാനും വിദ്യാര്‍ത്ഥി പ്രശ്നങ്ങള്‍ പഠിയ്ക്കുന്നതിന് ഈ മാസം 16 മുതല്‍ മാനേജ്മെന്റ് പ്രതിനിധികളെ നിയമിക്കാനും ധാരണയായി. പുതിയ പ്രിന്‍സിപ്പാള്‍ ചുമതലയെടുക്കുന്നത് വരെ വൈസ് പ്രിന്‍സിപ്പാളിന് ചുമതി നല്കി.
പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ വസ്ത്രം മാറുമ്പോള്‍ കതക് അടയ്ക്കരുതെന്ന നിയമമാണ് ഉപാസന കോളജിലെ ഏറ്റവും വിചിത്രമായ നിയമങ്ങളിലൊന്ന്. കതക് അടച്ചാല്‍ പെണ്‍കുട്ടികള്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് ആരോപിച്ചാണ് നിയമം കൊണ്ടുവന്നത്. കതകിന്റെ മറവില്‍ പെണ്‍കുട്ടികള്‍ രഹസ്യമായി ഫോണ്‍ നോക്കുകയോ സ്വവര്‍ഗ ലൈംഗികതയില്‍ ഏര്‍പ്പെടുകയോ ചെയ്യുമെന്നാണും കോളജ് അധികൃതര്‍ വാദിക്കുന്നു. വസ്ത്രം മാറുമ്പോള്‍ കസേര വച്ച് കതക് ചാരിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്.
കോളജ് പ്രിന്‍സിപ്പാള്‍ ജെസിക്കുട്ടി വിദ്യാര്‍ത്ഥികളെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതും സ്വകാര്യതയിലേക്ക് കടന്നു കയറുന്നതും പതിവാണെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. ക്യാംപസില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം നിരോധിച്ചിരിക്കുകയാണ്. ആഴ്ചയില്‍ ഒരു തവണ പൊതുഫോണ്‍ ഉപയോഗിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഡയറികള്‍ എടുത്തു കൊണ്ട് പോകുന്നതും ഡയറിക്കുറിപ്പുകള്‍ ക്ലാസിന് മുന്നില്‍ വായിച്ച് കേള്‍പ്പിക്കുന്നതും പതിവാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.






