
കോട്ടയം: ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസിന്റെ മുഖംരക്ഷിച്ച തെരഞ്ഞെടുപ്പിനു ചുക്കാന്‍പിടിച്ചതു കേരളത്തിലെ പാര്‍ട്ടിനേതാക്കള്‍.
ഇരുസംസ്ഥാനങ്ങളിലും കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ കഴിഞ്ഞതാണ് പാര്‍ട്ടിക്ക് അല്പമെങ്കിലും ആശ്വാസമായത്. ഈ സംസ്ഥാനങ്ങളിലെ പ്രചാരണത്തിന്റെയും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെയും മേല്‍നോട്ടം ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ചത് മുതിര്‍ന്ന നേതാക്കളെയാണ്.
മണിപ്പൂരിന്റെ ചുമതല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കായിരുന്നു. ഇന്നലെ ഫലമറിഞ്ഞ അഞ്ചു സംസ്ഥാനങ്ങളില്‍ നാലിടത്തും ഭരണവിരുദ്ധവികാരമാണ് ആഞ്ഞടിച്ചതെങ്കില്‍ മണിപ്പൂരില്‍ ഈ തരംഗം ഏശാതെ മുന്നിലെത്താന്‍ പാര്‍ട്ടിക്കായി. ആകെയുള്ള 60 സീറ്റില്‍ 28 സീറ്റ് നേടിയാണിത്. അതുപോലെ രമേശ് നിരവധി മണ്ഡലങ്ങളില്‍ പ്രചാരണത്തിനിറങ്ങിയിരുന്നു.ഗോവയില്‍ ഭരണകക്ഷിയായ ബി.ജെ.പിയെ അട്ടിമറിച്ചാണ് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ആകെയുളള 40 സീറ്റില്‍ 17 സീറ്റുകള്‍ പാര്‍ട്ടി നേടി. അവിടെ സ്ഥാനാര്‍ഥിനിര്‍ണയത്തിന്റെ ചുമതല ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ചത് കെ.സി. വേണുഗോപാലിനെയായിരുന്നു.
അതുപോലെ പ്രചാരണച്ചുമതല മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിക്കായിരുന്നു. രണ്ടുദിവസം ഉമ്മന്‍ ചാണ്ടി ഗോവയിലെ പതിനഞ്ചോളം മണ്ഡലങ്ങളില്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രചാരണത്തിനിറങ്ങിയത്. ഗോവ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പര്‍സേക്കറും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.
ബി.ജെ.പി.യുടെ ഇത്തവണത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും പര്സേക്കറായിരുന്നു. ഇദ്ദേഹത്തിന്റെ മണ്ഡലത്തില്‍ രണ്ടിടങ്ങളിലാണ് ഉമ്മന്‍ ചാണ്ടി പ്രചാരണത്തില്‍ പങ്കെടുത്തത്. ഗോവയില്‍ രാഹുല്‍ ഗാന്ധിക്ക് പുറമേ പ്രചാരണത്തിനിറങ്ങിയ പ്രധാന നേതാവും അദ്ദേഹമായിരുന്നു.






