
ന്യൂഡല്ഹി: ഗോവ മുഖ്യമന്ത്രിയാകുന്നതിന് മനോഹര് പരീക്കര് രാജിവച്ചതോടെ പ്രതിരോധ വകുപ്പിന്റെ ചുമതല ധനമന്ത്രി അരുണ് ജെയ്റ്റ്ലിക്ക് നല്കി. രാഷ്ട്രപതി ഭവന് അറിയിച്ചതാണ് ഇക്കാര്യം. മനോഹര് പരീക്കറുടെ രാജി സ്വീകരിച്ചതായും രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര് ഹാന്ഡില് ട്വീറ്റ് ചെയ്തു.
മുന്ന് വര്ഷത്തിന് ശേഷമാണ് അരുണ് ജെയ്റ്റ്ലിയുടെ കയ്യിലേക്ക് പ്രതിരോധ വകുപ്പ് തിരിച്ചെത്തുന്നത്. 2014ല് മോഡി സര്ക്കാര് അധികാരത്തിലെത്തുമ്പോള് ധനവകുപ്പിന് പുറമെ പ്രതിരോധ വകുപ്പും അരുണ് ജെയ്റ്റ്ലിക്കായിരുന്നു. പിന്നീട് ഗോവ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് പരീക്കര് കേന്ദ്രത്തിലേക്ക് എത്തിയതോടെയാണ് ജെയ്റ്റ്ലിക്ക് പ്രതിരോധ വകുപ്പ് നഷ്ടപ്പെട്ടത്.
ഗോവയില് അധികാരം പിടിക്കാന് പരീക്കര് കൂടിയേ തീരൂ എന്ന ഘട്ടത്തിലാണ് പരീക്കറെ സംസ്ഥാനത്തേക്ക് തിരിച്ചു വിളിച്ചത്. ആര്ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന ഗോവയില് പരീക്കറെ മുഖ്യമന്ത്രിയാക്കിയാല് പിന്തുണ നല്കാമെന്ന് ബി.ജെ.പി സഖ്യകക്ഷിയായ എം.ജി.പി വ്യക്തമാക്കിയിരുന്നു. പരീക്കറെ മുഖ്യമന്ത്രിയാക്കണമെന്ന് ബി.ജെ.പി എം.എല്.എമാരും ആവശ്യപ്പെട്ടിരുന്നു.







Comments