
കൊച്ചി: സി എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റിലായ ക്രോണിന് അലക്സാണ്ടര്‍ ബേബിയുടെ മാതാവ് കാണാതായ ദിവസം മിഷേലുമായി സംസാരിച്ചിരുന്നതായി കണ്ടെത്തി. മിഷേലിന്റെ ഫോണിലേക്ക് ക്രോണിന്റെ മാതാവ് എസ്എംഎസ് അയച്ചതിന് മറുപടിയായി ഏകദേശം മൂന്നരയോടെ മിഷേല്‍ വിളിക്കുകയായിരുന്നു.
മിഷേലും താനുമായി രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നെന്നും ഫോണില്‍ സംസാരിക്കാറുണ്ടെന്നും ഇരുവീട്ടുകാര്‍ക്കും പ്രണയവിവരം അറിയാമായിരുന്നെന്നും ചോദ്യം ചെയ്യലില്‍ ക്രോണിന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ക്രോണിന്റെ മാതാവുമായി മിഷേല്‍ കാണാതാകുന്നതിന് തൊട്ടു മുമ്പ് വിളിച്ചെന്ന വാര്‍ത്തയും എത്തുന്നത്. മിഷേലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആകുന്നതിന് തൊട്ടു മുമ്പ് ക്രോണിന് വിളിച്ചു പറഞ്ഞതിനെ തുടര്‍ന്നാണ് വിളിച്ചതെന്നാണ് മാതാവ് നല്കുന്ന വിവരം.
മിഷേലിന്റെ ഫോണ്‍കോള്‍ രേഖകളില്‍ നിന്നുമാണ് ക്രോണിന്റെ മാതാവ് വിളിച്ച വിവരം പുറത്തു വന്നിരിക്കുന്നത്. ക്രോണിന് തന്നെ വിളിച്ച് മിഷേലിനെ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും ഒന്നു വിളിച്ചു നോക്കണമെന്നും ആവശ്യപ്പെട്ടത് അനുസരിച്ചാണ് താന്‍ ഫോണ്‍ വിളിച്ചതെന്നാണ് മാതാവിന്റെ മൊഴി. കേസില്‍ നിര്‍ണ്ണായക തെളിവായി മാറിയേക്കാന്‍ സാധ്യതയുള്ള മിഷേലിന്റെ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടുമില്ല.
മിഷേലുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തന്റെയും മിഷേലിന്റെയും മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നെന്നും തങ്ങള്‍ തമ്മിലുള്ളത് വെറും സൗന്ദര്യ പിണക്കങ്ങള്‍ മാത്രമാണെന്നും മിഷേലിന്റെ മരണവുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നുമാണ് ക്രോണിന് പറയുന്നത്. അതേസമയം ക്രോണിനെക്കുറിച്ച് തങ്ങള്‍ക്ക് ഒരറിവുമില്ലെന്നും മിഷേല്‍ ഈ ബന്ധത്തെക്കുറിച്ചു പറയുകയോ ക്രോണിനെക്കുറിച്ച് പരാതി പറയുകയോ ചെയ്തിട്ടില്ലെന്നും മിഷേലിന്റെ പിതാവ് ഷാജിയും പറയുന്നു. ക്രോണിന് തങ്ങളുടെ ബന്ധു അല്ലെന്നും പോലീസ് കെട്ടിച്ചമച്ച കഥയാണെന്നും ഷാജി വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ ഇപ്പോള്‍ നിര്‍ണ്ണായകമായി കണക്കാക്കുന്ന ക്രോണിന് മിഷേലിന് അയച്ച ഭീഷണി എസ്എംഎസുകളാണ്. എന്നാല്‍ പോലീസില്‍ ഹാജരാകും മുമ്പ് ക്രോണിന് ഇവ നശിപ്പിച്ചിരുന്നു. അതേസമയം മിഷേലിന്റെ മൊബൈലാകട്ടെ കണ്ടെത്താനും അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മരണത്തിന് രണ്ടു ദിവസം മുമ്പു വരെ നൂറിലധികം സന്ദേശങ്ങളാണ് ക്രോണിന് മിഷേലിന് അയച്ചിരിക്കുന്നത്. ഇവ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.






