
പുന്നെ: ഡല്‍ഹിയിലെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കണമെന്ന കെജ്രിവാളിന്റെ നിലപാടിനെ വിമര്‍ശിച്ച് അണ്ണ ഹസാരെ രംഗത്തെത്തി. ഇലട്രോണിക് വോട്ടിങ് യന്ത്രത്തെ സംശയിക്കുന്നവര്‍ പഴയകാലത്തേയ്ക്ക് പിന്തിരിഞ്ഞോടാന് ശ്രമിക്കുന്നവരാണെന്നാണ് അണ്ണ ഹസാരെ കുറ്റപ്പെടുത്തി. ബാലറ്റ് പേപ്പറിന്റെ കാലത്തേയ്ക്ക് തിരിച്ചുപോകണമെന്ന് ആവശ്യപ്പെടുന്നത് യുക്തിരഹിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുത്ത മാസം 22നാണ് ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടക്കുക. ആ തിരഞ്ഞെടുപ്പില്‍ അവിടെ ബാലറ്റ് പേപ്പര്‍ മതിയെന്ന് കേജ്രിവാള് അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനു കത്തെഴുതാന്‍ ചീഫ് സെക്രട്ടറി എം.എം കുട്ടയെ കേജ്രിവാള് ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ലോകം മുന്നോട്ട് കുതിക്കുകയാണെന്നും അതിനൊപ്പം നീങ്ങാനുള്ള മര്‍ഗ്ഗമാണ് ഇലട്രോണിക് യന്ത്രമെന്നായിരുന്നു ഹസാരെയുടെ അഭിപ്രായം. പേപ്പര്‍ ബാലറ്റ് ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുകയെന്നത് ബുദ്ധിമുട്ടേറിയതും സമയം പാഴാക്കുന്നതുമാണ്. വോട്ടര്‍മാര്‍ക്ക് ദീര്‍ഘനേരം പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കേണ്ടി വരുമെന്നും ഹസാരെ അഭിപ്രായപ്പെട്ടു. അതുപോലെ തന്നെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുന്നതിനും മണിക്കൂറുകള്‍ വേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.പിയില്‍ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്ന് മായാവതിയും പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് അരവിന്ദ് കെജ്രിവാളും ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.






