തൃശൂര്‍: ചെമ്പൂത്ര ഭഗവതി ക്ഷേത്രോത്സവ ദിവസം വീട്ടില്‍ മദ്യം വിളമ്പിയെന്നാരോപിച്ച് ദളിത് കുടുംബത്തിന് ബി.ജെ.പിയുടെ ഊര് വിലക്ക്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി വീട്ടില്‍ നടത്തിയ അത്താഴപ്പറയില് മദ്യം വിളമ്പിയെന്നാണ് ആരോപണം. പാണഞ്ചേരി കടമ്പനാട്ട് രാജുവിനെയും കുടുംബത്തെയുമാണ് ബി.ജെ.പി നേതൃത്വം ഊരുവിയക്കിയിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 15നായിരുന്നു ചെമ്പൂത്ര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം. അത്താഴപ്പറയ്ക്ക് വീടുകളിലെത്തുന്ന വെളിച്ചപ്പാടിനും അകമ്പടിക്കാര്‍ക്കും ഭക്ഷണം നല്കുന്ന പതിവുണ്ട്. ഇതോടൊപ്പം മദ്യവും നല്‍കിയെന്നാണ് ആരോപണം. മുന്‍കാലങ്ങളില്‍ മദ്യം നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മദ്യം നല്‍കുന്നത് വിലക്കിയിരിക്കുകയാണ്. ഇത്തവണ വീട്ടിലെത്തിയ വെളിച്ചപ്പാടിനും സംഘത്തിനും രാജു മദ്യം നല്‍കിയെന്നാണ് ബി.ജെ.പിയുടെ ആരോപണം.
ക്ഷേത്രത്തിന്റെ പരിധിയില്‍ വരുന്ന അയ്യായിരത്തോളം ഹൈന്ദവ കുടുംബങ്ങള്‍ രാജുവിന്റെ കുടുംബത്തോട് സംസാരിക്കുകയോ വീടുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കുകയോ ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. തങ്ങളുടെ വീടുകളില്‍ നടക്കുന്ന പരിപാടികളിലക്ക് രാജുവിനെയും കുടുംബത്തെയും ക്ഷണിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. വിലക്ക് ലംഘിക്കുന്നവരെയും ഊരുവിലക്കുമെന്നാണ് ബി.ജെ.പി നേതാക്കള്‍ നേതൃത്വം നല്കുന്ന പൂരക്കമ്മറ്റിയുടെ ഭീഷണി.
എല്ലാ വര്‍ഷവും ഘോഷയാത്ര കടന്നു പോകുമ്പോള്‍ രാജുവിന്റെ വീടിന് മുന്നില്‍ ലഘുഭക്ഷണവും വെള്ളവും നല്‍കാറുണ്ട്. ഇത്തവണ് അത് ആരും സ്വീകരിക്കരുതെന്ന് ബി.ജെ.പി നേതൃത്വം വിലക്കി. ഇത് ചോദ്യം ചെയ്ത രാജുവിനെയും മകനെയും മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തിനെതിരെ രാജു പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികളുണ്ടായില്ല.






