
ന്യൂഡല്‍ഹി : മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ ശശികല, പനീര്‍ശെല്‍വം പക്ഷങ്ങള്‍ക്ക് പുതിയ പേരും ചിഹ്നവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അനുവദിച്ചു.
ശശികലയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് 'എഐഎഡിഎംകെ അമ്മ' എന്നും പനീര്‍ശെല്‍വം വിഭാഗത്തിന് 'എഐഎഡിഎംകെ പുരട്ചിതലൈവി അമ്മ' എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്. ശശികല വിഭാഗത്തിന് 'തൊപ്പി' യും പനീര്‍ശെല്‍വം വിഭാഗത്തിന് 'ഇലക്ട്രിക് പോസ്റ്റു' മാണ് ചിഹ്നം അനുവദിച്ചിരിക്കുന്നത്.
എഐഎഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ 'രണ്ടില' അവകാശപ്പെട്ട് ഇരുപക്ഷവും രംഗത്തെത്തിയതിനെ തുടര്‍ന്ന് രണ്ടില ചിഹ്നം തെരഞ്ഞെടുപ്പു കമ്മിഷന് ഇന്നലെ മരവിപ്പിക്കുകയും ഇരുകൂട്ടര്‍ക്കും പുതിയ പേരും മൂന്ന് സ്വതന്ത്ര ചിഹ്നങ്ങളും നിര്‍ദേശിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കിയിരുന്നു.
ഏപ്രില്‍ 12 ന് ജയലളിതയുടെ മണ്ഡലമായ ആര് കെ നഗറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ശശികല പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനും, ഒപിഎസ് പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി എഐഎഡിഎംകെ മുന്‍ പ്രിസീഡിയം ചെയര്മാന് ഇ.മധുസൂദനുമാണ് മത്സരിക്കുന്നത്.






