
മോണ്ടി വിഡിയോ: ലോക ഫുട്ബോള്‍ പ്രേമികള്‍ ഏറെ ആകാംഷയോടെ ഉറ്റു നോക്കുന്ന ലാറ്റിനമേരിക്കന്‍ മേഖലയില്‍ മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍ രാജകീയമായി ലോകകപ്പ് യോഗ്യത നേടി. സൂപ്പര്‍താരങ്ങളില്‍ മിക്കവരും ഇറങ്ങിയ മത്സരങ്ങളില്‍ നെയ്മറിന്റെ ബ്രസീല്‍ 4-1 നാണ് ഉറുഗ്വേയെ വീഴ്ത്തിയത്. മെസിയുടെ അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചിലിയെ മറികടന്നത്. കൊളംബിയയും ജയം നേടിയപ്പോള്‍ ഇക്വഡോര്‍ പരാഗ്വേയോട് തോറ്റു.
ലാറ്റിനമേരിക്കയില്‍ നിന്നും റഷ്യന്‍ ലോകകപ്പിന് യോഗ്യതനേടുന്ന ആദ്യ ടീമായി രാജകീയമായിട്ടാണ് ബ്രസീല്‍ യോഗ്യത കുറിച്ചത്. പൗളീഞ്ഞോയുടെ ഹാട്രിക്കിന് പുറമേ നെയ്മര്‍ ഒരു ഗോള്‍ കൂടി നേടി. മോണ്ടി വിഡിയോയില്‍ നടന്ന മത്സത്തില്‍ ഒമ്പതാം മിനിറ്റില്‍ ആദ്യഗോള്‍ കുറിച്ചതിന് പിന്നാലെയാണ് ഉറുഗ്വേ ബ്രസീലിയന്‍ ഗോള്‍ മഴയില്‍ ഒലിച്ചു പോയത്. എഡിസന് കവാനി പെനാല്‍റ്റിയില്‍ നിന്നുമാണ് ഗോള്‍ സ്കോര്‍ ചെയ്തത്. എന്നാല്‍ പൗളീഞ്ഞോയിലൂടെ ഇതിന് മറുപടി പറഞ്ഞ ബ്രസീല്‍ പകുതിക്ക് പിരിയുമ്പോള്‍ 1-1 സമനില നേടുകയും രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ കൂടി നേടി ഉറുഗ്വേയെ മുക്കുകയുമായിരുന്നു. സുവാരസ് ഇല്ലാത്ത ഉറുഗ്വേയുടെ മുന്നേറ്റങ്ങള്‍ മുനയൊടിഞ്ഞതായിരുന്നു.
അഞ്ചു തവണ ലോകചാമ്പ്യന്മാരായിട്ടുള്ള ബ്രസീല്‍ 30 പോയിന്റ് നേടി ഗ്രൂപ്പ് ജേതാക്കളായിട്ടാണ് യോഗ്യത സമ്പാദിച്ചത്. ഒമ്പതു മത്സരങ്ങളില്‍ അവര്‍ വിജയം കുറിച്ചു. തോറ്റെങ്കിലും 23 പോയിന്റുമായി ഉറുഗ്വേ രണ്ടാമതുണ്ട്. 22 പോയിന്റുള്ള അര്‍ജന്റീന മൂന്നാമതാണ്. ബ്യൂണസ് ഐറിസിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നിറം കെട്ട ജയമാണ് അര്‍ജന്റീന നേടിയത്. പതിനാറാം മിനിറ്റില്‍ ചിലിയന്‍ പ്രതിരോധക്കാരനും പിഎസ്ജിയില്‍ സഹതാരവുമായ ജോസ് പെട്രോ ഫുണ്സാലിഡ ഏയ്ഞ്ചല്‍ ഡി മരിയയെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി മെസ്സി ഗോളാക്കി മാറ്റുകയായിരുന്നു. കോപ്പാ സെന്റിനറിയില്‍ ടൈ ബ്രേക്കറില്‍ പരാജയപ്പെട്ട ശേഷം ഇതാദ്യമായിട്ടാണ് ചിലിയ്ക്കെതിരേ മെസി ഗോള്‍ നേടുന്നത്.
ബൊളീവിയയെ റയല്‍ താരം ജെയിംസ് റോഡ്രിഗ്രസിന്റെ ഗോളിലായിരുന്നു കൊളംബിയ വിജയം നേടിയത് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള അവര്‍ക്ക് ഇക്വഡോറിന്റെ തോല്‍വി ഗുണകരമാകും. അഞ്ചാമതുള്ള ഇക്വഡോര്‍ ഏഴാമത് നില്ക്കുന്ന പരാഗ്വേയോട് 2-1 നാണ് തോറ്റത്. ആറാം സ്ഥാനത്തുള്ള ചിലിയും ഇക്വഡോറും തമ്മിലായിരിക്കും യഥാര്‍ത്ഥ മത്സരം. പട്ടികയിലെ അഞ്ചാം സ്ഥാനക്കാര്‍ ഓഷ്യാനിയക്കാരുമായി പ്ളേ ഓഫ് കളിക്കേണ്ടി വരുമെന്നതാണ് കാര്യം.






