
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജമ്പിലും പാരാ അത്ലറ്റിക്സ് എഫ്-57 ഷോട്ട്പുട്ടിലും ഇന്ത്യക്ക് ഇരട്ട മെഡലുകള്‍. പുരുഷന്മാരുടെ എഫ്-57 ഷോട്ട് പുട്ടില്‍ സോമന് റാണ സ്വര്‍ണവും ശുഭം ജുയല്‍ വെള്ളിയും നേടി. സോമന് റാണ 13.40 മീറ്റര്‍ എറിഞ്ഞപ്പോള്‍ ശുഭം 13.28 മീറ്ററും എറിഞ്ഞാണ് മെഡല്‍ നേടിയത്. ട്രിപ്പിള്‍ ജമ്പില്‍ പ്രവീണ്‍ ചിത്രവേല്‍ വെള്ളിയും സെല്‍വ പ്രഭു തിരുമാരന് വെങ്കലവും നേടി. 16.68 മീറ്റര്‍ ചാടിയാണു പ്രവീണ്‍ രണ്ടാമതെത്തിയത്. 16.52 ദൂരം ചാടിയാണ് സെല്‍വ പ്രഭുവിന്റെ വെങ്കലം. ജമൈക്കയുടെ ജോര്‍ദാന്‍ സ്കോട്ട് 16.72 ദൂരം ചാടി സ്വര്‍ണം നേടി. തേജസ്വിന് ശങ്കര്‍ ഡെക്കാത്ത്ലണില് വെങ്കല മെഡല്‍ കരസ്ഥമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസ് ഡെക്കാത്ത്ലണില് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും തേജസ്വിന് സ്വന്തമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തേജസ്വിന് നേടുന്ന രണ്ടാമത്തെ മെഡലാണിത്. ബിര്‍മിങാം ഗെയിംസ് ഹൈജമ്പില്‍ വെങ്കലം നേടിയിരുന്നു.
2023 ലെ ഏഷ്യന്‍ ഗെയിംസ് ഡെക്കാത്ത്ലണില് വെള്ളിയും നേടി. കാല്‍മുട്ടിലേറ്റ ഗുരുതര പരുക്ക് മൂലം തന്റെ പ്രധാന ഇനമായ ഹൈജമ്പില്നിന്ന് ു പിന്മാറേണ്ടി വന്നിരുന്നു. അതോടെയാണു പത്തിനങ്ങളടങ്ങിയ ഡെക്കാത്ത്ലണിലേക്കു മാറിയത്. രണ്ട് ദിവസം നീണ്ട 10 ഇനങ്ങളിലായി 7,976 പോയിന്റ് നേടിയാണ് തേജസ്വിന് വെങ്കലം നേടിയത്.
ഗ്രനേഡയുടെ ലിന്ഡണ് വിക്ടര്‍ (8,096 പോയിന്റ്) സ്വര്‍ണവും കാനഡയുടെ ഡാമിയന്‍ വാര്‍ണര്‍ (8,036 പോയിന്റ്) വെള്ളിയും നേടി. ആദ്യ ഇനമായ 100 മീറ്റര്‍ സ്പ്രിന്റില്‍ മുന്‍കരുതല്‍ കാരണം അവസാന സ്ഥാനത്താണ് തേജസ്വിന് ഫിനിഷ് ചെയ്തത് (10.96 സെക്കന്‍ഡ്). ലോംങ് ജമ്പില്‍ 7.82 മീറ്റര്‍ എന്ന തന്റെ മികച്ച വ്യക്തിഗത ദൂരം കണ്ടെത്തി. ഹൈജമ്പില്‍ 2.15 മീറ്റര്‍ പിന്നിട്ട ഏക താരം തേജസ്വിനായിരുന്നു. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു തേജസ്വിന്. രണ്ടാം ദിനം 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.41 സെക്കന്‍ഡില്‍ രണ്ടാമതെത്തി. ഡിസ്കസ് ത്രോയില്‍ 40.44 മീറ്റര്‍ എറിഞ്ഞ് മികച്ച വ്യക്തിഗത പ്രകടനം കൂടി രേഖപ്പെടുത്തി. പോള്‍ വോള്‍ട്ടില്‍ പിന്നോട്ട് പോയി. ജാവലിന്‍ ത്രോയിലെ മികച്ച പ്രകടനത്തിലൂടെ (53.12 മീറ്റര്‍) വീണ്ടും മൂന്നാം സ്ഥാനത്ത്. അവസാന ഇനമായ 1500 മീറ്റര്‍ ഓട്ടം 4:36.19 സെക്കന്‍ഡില്‍ അഞ്ചാമനായി ഫിനിഷ് ചെയ്തതോടെ വെങ്കല മെഡല്‍ ഉറപ്പിക്കാനായി.






Comments