
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ജീവനക്കാരനെ ശിവസേന എംപി ചെരിപ്പൂരിയടിച്ച സംഭവത്തില്‍ വിശദീകരണവുമാണി ഭാര്യ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അപമാനിച്ചു സംസാരിച്ചപ്പോഴാണ് ഭര്‍ത്താവിന് നിയന്ത്രണം നഷ്ടപ്പെട്ടതെന്നും അതേ തുടര്‍ന്നാണ് അദ്ദേഹം രോഷാകുലനായതെന്നും ഭാര്യ ഉഷ പറഞ്ഞു.
ആദ്യമായിട്ടാണ് ഭര്‍ത്താവ് ഇങ്ങനെ ദേഷ്യപ്പെട്ടു കാണുന്നതെന്നും തന്റെ ഭര്‍ത്താവ് ആരെയെങ്കിലും മര്‍ദ്ദിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു. ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുന്നത്. ജീവനക്കാരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്നാകും ഭര്‍ത്താവ് അത്തരത്തില്‍ പെരുമാറിയതെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രിയത്തില്‍ നിരവധി വര്‍ഷത്തെ പരിചയമുള്ള വ്യക്തിയാണ് തന്റെ ഭര്‍ത്താവ്. രണ്ടു തവണ എംഎല്‍എയും ഇപ്പോള്‍ എംപിയും ആണ് അദ്ദേഹം. അധ്യാപകന് കൂടിയായ അദ്ദേഹം എല്ലാവരോടും നന്നായിട്ടാണ് പെരുമാറുന്നതെന്നും അതുകൊണ്ടുതന്നെ അദ്ദേഹം ഏറെ പ്രശസ്തനുമാണെന്നും അവര്‍ പറഞ്ഞു. അദ്ദേഹത്തെ വ്യക്തിപരമായി അറിയുന്ന ആരും തന്നെ ഇത്തരത്തിലൊരു അരോപണം വിശ്വസിക്കില്ലെന്നും അവര്‍ പറഞ്ഞു.






