ധര്‍മ്മശാല: ഓസ്ട്രേലിയയ്ക്കെരിരായ അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 32 റണ്‍സിന്റെ ലീഡ്.മൂന്നാം ദിനം ആറു വിക്കറ്റിനു 248 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 332 റണ്‍സിനു പുറത്തായി.
ഏഴാം വിക്കറ്റില്‍ ഇന്ത്യന്‍ കീപ്പര്‍ വൃദ്ധിമാന്‍ സാഹയും രവീന്ദ്ര ജഡേജയും നേടിയ 96 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക ലീഡ് സമ്മാനിച്ചത്. ജഡേജ 63 റണ്‍സും, സാഹ 31 റണ്‍സും നേടി. ഈ കൂട്ടുകെട്ട് പൊളിച്ചത് കമ്മിന്‍സാണ്. പരമ്പരയിലെ രണ്ടാം അര്‍ധ സെഞ്ചുറിയാണ് ജഡേജ നേടിയത്.
അഞ്ചു വിക്കറ്റ് പിഴുത നഥാന്‍ ലിയോണ്‍ ആണ് ഇന്ത്യയുടെ വന്‍ ലീഡെന്ന ലക്ഷ്യത്തെ പൂട്ടിയത്. കമ്മിന്‍സ് മൂന്നു വിക്കറ്റുകളും നേടി. നേരത്തെ ചേതേശ്വര്‍ പൂജാരയും ലോകേഷ് രാഹുലും ഇന്ത്യയ്ക്കായി അര്‍ധ സെഞ്ചുറി നേടിയിരുന്നു. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ മികവില്‍ ഓസീസ് ആദ്യ ഇന്നിംഗ്സില്‍ 300 റണ്‍സ് നേടിയിരുന്നു.






