
ഇടുക്കി: മൂന്നാര്‍ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങള്‍ക്ക് നമ്പര്‍ കിട്ടുന്ന കാര്യത്തില്‍ എസ് രാജേന്ദ്രന് എംഎല്‍എ ഉള്‍പ്പെട്ടിരുന്നു എന്നതിന്റെ വ്യക്തമായ സൂചനകള്‍ പുറത്തുവന്നു. എസ് രാജേന്ദ്രന് എംഎല്‍എ ആവശ്യപ്പെട്ടത് അനുസരിച്ചാണ് 202 അനധികൃത കെട്ടിടങ്ങള്‍ക്ക് പഞ്ചായത്ത് സെക്രട്ടറി താല്‍ക്കാലിക നമ്പര്‍ നല്‍കിയതെന്ന് വ്യക്തമാക്കുന്ന മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്കിയ രേഖയാണ് പുറത്തു വന്നിരിക്കുന്നത്.
2016 ജൂണ്‍ 25 ന് നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന് ആവശപ്പെട്ടത് അനുസരിച്ചെന്ന് ദേവികുളം സബ് കളക്ടര്‍ക്ക് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിച്ച രേഖയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കെഡിഎച്ച് വില്ലേജില്‍ സര്‍വേ നമ്പര്‍ 912 ല്‍ വസ്തു നികുതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് നിയമാനുസൃതമല്ലാതെ നിര്‍മ്മിക്കപ്പെട്ട 202 കെട്ടിടങ്ങള്‍ക്കാണ് പഞ്ചായത്ത് സെക്രട്ടറി എ പി ഫ്രാന്‍സിസ് താല്‍ക്കാലിക കെട്ടിട നികുതി നല്‍കിയത്. നിയമാനൃസൃതമല്ലാത്ത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കരുതെന്ന ചട്ടം എംഎല്‍എയുടെ ഇടപെടല്‍ മൂലം ലംഘിക്കപ്പെട്ടതായി ഈ രേഖ വ്യക്തമാക്കുന്നു.
അനധികൃതമായി കെട്ടിപ്പൊക്കിയ നിരവധി ഹോം സ്റ്റേകള്‍ക്കും കെട്ടിടങ്ങള്‍ക്കുമാണ് കെട്ടിട നമ്പര്‍ ലഭിച്ചത്. കെട്ടിട നമ്പറുകള്‍ നല്‍കുന്നത് ഭൂമി തിരിച്ചു പിടിക്കുന്നതിന് വിഘാതമാകുമെന്നും ഒഴിപ്പിക്കലിന് സ്റ്റേവാങ്ങാന് ഇത് സഹായകരമാകുമെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തേ മൂന്നാര്‍ ടൗണില്‍ ഭൂമി കയ്യേറിയെന്ന് ആരോപണം രാജേന്ദ്രന് എംഎല്‍എ യ്ക്കെതിരേ നില നില്‍ക്കുമ്പോഴാണ് 202 അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്കാന് ഇടപെട്ടതിന്റെ തെളിവുകളും പുറത്തു വരുന്നത്്. നേരത്തേ പിഡബ്ള്യൂഡി റസ്റ്റ്ഹൗസിന് സമീപത്തെ ഭൂമി സ്വന്തമാക്കിയിരുന്നു. പട്ടയ ഭൂമിയാണെന്നായിരുന്നു വാദം.
കയ്യേറ്റമൊഴിപ്പിക്കാന്‍ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ എംഎല്‍എയുടെ ഭാര്യ തടയുകയും ചെയ്തിരുന്നു. മുമ്പ് വിഎസ് മന്ത്രിസഭയുടെ കാലത്തും ഒഴിപ്പിക്കലിനെതിരേ രാജേന്ദ്രന് രംഗത്ത് വന്നിരുന്നതായി അന്നത്തെ ദൗത്യസംഘം തലവനായിരുന്നു സുരേഷ്കുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. പുതിയ വിവാദം ഉയര്‍ന്ന് വന്നിരിക്കുന്ന സാഹചര്യത്തില്‍ വിഎസ് അച്യൂതാനന്ദനും ദേവികുളം എംഎല്‍എ യെ വിമര്‍ശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. എസ് രാജേന്ദ്രന് എംഎല്‍എ ഭൂമാഫിയയുടെ ആളാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സംശയമുണ്ടോ എന്നായിരുന്നു വിഎസിന്റെ മറുപടി. ദേവികുളം സബ് കളക്ടര്‍ ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ നില്‍ക്കുന്നയാളാണെന്നും അദ്ദേഹത്തെ പിന്തുണയ്ക്കണമെന്നും വിഎസ് പറഞ്ഞു.